ലിസിപ്രിയ കൻഗുജ ഇന്ത്യയുടെ മകള്‍; സ്പെയിനിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേയ്ക്കൊപ്പം ലോകത്തെ ആകർഷിച്ച പെൺകുട്ടി

സ്പെയിനിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേയ്ക്കൊപ്പം നിൽക്കുന്ന ചെറിയ പെൺകുട്ടിയെ കഴിഞ്ഞദിവസം ലോകം ശ്രദ്ധിച്ചിരുന്നു. മണിപ്പുരുകാരിയായ ലിസിപ്രിയ കൻഗുജമായിരുന്നു ആ പെൺകുട്ടി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽത്തന്നെ കാലാവസ്ഥാസംരക്ഷണബിൽ പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാവശ്യപ്പെടുന്ന പ്ലക്കാർഡേന്തിയുള്ള നിൽപ്പും ചൊവ്വാഴ്ച ഉച്ചകോടിവേദിയിൽ നടത്തിയ തീപ്പൊരിപ്രസംഗവും അന്താരാഷ്ട്ര മാധ്യമങ്ങളുൾപ്പെടെ ഏറ്റെടുത്തു. ‘ഇന്ത്യയുടെ ഗ്രെറ്റ’ ലിസിപ്രിയയ്ക്ക് വിളിപ്പേരും നൽകി.
‘തെക്കുനിന്നുള്ള ഗ്രെറ്റ’ എന്നാണ് സ്പാനിഷ് പത്രങ്ങൾ ലിസിപ്രിയയെ വിശേഷിപ്പിച്ചത്. ‘‘സംരക്ഷണത്തിനായുള്ള നടപടിയെടുക്കേണ്ട സമയം ഇതാണെന്ന് ലോകനേതാക്കളോടു പറയാനാണ് ഞാനിവിടെയെത്തിയിട്ടുള്ളത്. ഞാൻ ജനിക്കുന്നതിനുമുമ്പുതന്നെ ലോകനേതാക്കൾ 16 തവണ കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്കറിയുകയുംചെയ്യും. നേതാക്കൾ ഓരോവർഷവും ഉച്ചകോടി ചേരുന്നുവെന്നല്ലാതെ ഞങ്ങളുടെ ഭാവിക്കായി ഒന്നുംതന്നെ ചെയ്യുന്നില്ല. എന്തിനാണ് ഞാനിവിടെ വരുന്നത്? ഞാനെന്തിന് ഇവിടെ സംസാരിക്കണം? എനിക്ക് സ്കൂളിൽപോകണം, പുസ്തകം വായിക്കണം. എന്നാൽ, നമ്മുടെ നേതാക്കൾ ഞങ്ങളുടെ കുട്ടിക്കാലം നശിപ്പിക്കുകയാണ്. ഇത് നീതിയല്ല” -ലിസിപ്രിയ പറഞ്ഞു.
സ്പെയിനിലെ ആഗോള ഉച്ചകോടിയിലെത്താൻ ചില്ലറ ബുദ്ധിമുട്ടല്ല ലിസിപ്രിയയ്ക്ക് സഹിക്കേണ്ടിവന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഐക്യരാഷ്ട്രസഭയിൽനിന്ന് ക്ഷണം ലഭിച്ചപ്പോൾ സ്പെയിനിലേക്കുള്ള യാത്രാച്ചെലവിനുള്ള പണം എവിടുന്നുകണ്ടെത്തുമെന്നായിരുന്നു തങ്ങളുടെ ആധിയെന്ന് ലിസിയുടെ അച്ഛൻ കെ.കെ. സിങ് പറഞ്ഞു. സഹായമഭ്യർഥിച്ച് സർക്കാരിനുനൽകിയ അപേക്ഷകളെല്ലാം പതിച്ചത് ബധിരകർണങ്ങളിൽ. വിവിധ മന്ത്രാലയങ്ങളോട് സഹായമാവശ്യപ്പെട്ട് ഇ-മെയിൽ അയച്ചിട്ടും മറുപടിയുണ്ടായില്ല.
ഒടുവിൽ ഭുവനേശ്വരിൽനിന്നുള്ള ഒരാളാണ് മഡ്രിഡിലേക്കുള്ള വിമാനടിക്കറ്റിന് പണംനൽകിയത്. ഹോട്ടൽമുറി ബുക്കുചെയ്യാൻ ലിസിപ്രിയയുടെ അമ്മയ്ക്ക് തന്റെ സ്വർണമാല വിൽക്കേണ്ടിവന്നു. സ്പെയിനിലേക്ക് പുറപ്പെടുന്നതിന് ഒരുദിവസം മുമ്പാണ് യാത്രാച്ചെലവ് ഏറ്റെടുത്തുകൊണ്ടുള്ള സ്പാനിഷ് സർക്കാരിന്റെ സന്ദേശം ലഭിച്ചത്.
https://www.facebook.com/Malayalivartha



























