ഉന്നാവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരി മരിച്ചു

ഉന്നാവില്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരിയായ യുവതി മരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതിയില്‍ പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഡിസംബര്‍ 16നാണ് യുവതി സ്വയം തീ കൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ് കാണ്‍പൂരിലെ ലാലാ ലജ്പത്‌റായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് 23കാരി മരിച്ചത്. യുവതിയുടെ പരാതിയില്‍ അവദേശ് സിങ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അപ്പോഴേക്കും അവദേശ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. ഇതിനു പിന്നാലെയാണ് യുവതി എസ്.പി ഓഫീസിന് മുന്നിലെത്തി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് അവര്‍ എസ്.പി ഓഫീസിലേക്ക് ഓടിക്കയറി.പോലീസ് ഉദ്യോഗസ്ഥരാണ് യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ പൊള്ളലേറ്റ യുവതി കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ പരാതിക്കാരിക്ക് ആരോപണ വിധേയനായ അവദേശ് സിങ്ങുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നുവെന്ന് ഉന്നാവ് എസ്.പി വിക്രാന്ത് വീര്‍ പറഞ്ഞു. സിങ് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒക്ടോബര്‍ രണ്ടിനാണ് യുവതി പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























