വിദ്യാര്‍ഥികളുടെ നാടകത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു... പ്രധാന അധ്യാപികയും രക്ഷിതാവും അറസ്റ്റിൽ

വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ സ്‌കൂളിലെ പ്രധാന അധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറസ്റ്റിൽ. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ വിമര്‍ശിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിലാണ് വിവാദ പരാമര്‍ശം ഉൾപ്പെട്ടത്. ഇതേത്തുടര്‍ന്ന് സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസ് എടുത്തു.
സ്‌കൂള്‍ ജീവനക്കാരെയും വിദ്യാര്‍ഥികളെയും ചോദ്യംചെയ്ത ശേഷമാണ് പോലീസ് രണ്ടുപേരെയും അറസ്റ്റു ചെയ്തത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകം ജനുവരി 21 നാണ് അവതരിപ്പിച്ചത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പെട്ടന്ന് തന്നെ പ്രചരിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ നീലേഷ് റഷ്യാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം നാടകത്തില്‍ ആദ്യം ഉണ്ടായിരുന്നില്ല . ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേർത്ത്. ഇതിനു പ്രധാന അധ്യാപികയും അംഗീകാരം നൽകിയിരുന്നു. ഇതിനാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്. നാടകത്തിലൂടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ആരോപണം ഉന്നയിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha