രജനീകാന്തിന്റെ പാര്‍ട്ടിയുടെ സുപ്രധാന പ്രഖ്യാപനം നാളെ; ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും നാളെ പ്രഖ്യാപനമുണ്ടാകും

രാഷ്ട്രീയ തമിഴകം ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് സ്‌റ്റെല്‍ മന്നന്‍ രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ആ കാത്തിരിപ്പിന് വിരാമമായി കഴിഞ്ഞുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് വ്യാഴാഴ്ചയോടെ അറിയാമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയ്ക്കായി രജനീകാന്ത്, ഫാന്‍സ് അസോസിയേഷന്റെ യോഗം വീണ്ടും വിളിച്ചിട്ടുണ്ട്. രജനീമക്കള്‍ മണ്ഡ്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരോടും വ്യാഴാഴ്ച അടിയന്തരമായി ചെന്നൈയിലെത്താനാണ് രജനീകാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. യോഗശേഷം പാര്‍ട്ടി പ്രഖ്യാപന തീയതിയും രാഷ്ട്രീയ അജണ്ടയും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നാണ് ജനീകാന്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതുപോലെ ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും നാളെ പ്രഖ്യാപനമുണ്ടാകും എന്നാണ് വിവരം. ഒരാഴ്ച മുമ്പ് ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍, രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികള്‍ക്ക് പാര്‍ട്ടി സംഘടനാ ചുമതല നല്‍കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ആരാധക കൂട്ടായ്മയായ രജനീ മക്കള്‍ മണ്ഡ്രത്തെ വിപുലപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്.
രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച ഏപ്രിലില്‍ പ്രഖ്യാപിക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഏപ്രില്‍ 14ന് ശേഷം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനികാന്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്. പിന്നാലെ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തി അടുത്തു വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് രജനികാന്ത് ലക്ഷ്യമിടുന്നത്.
തമിഴ് രാഷ്ട്രീയത്തില്‍ ചെറുകക്ഷികളെ ചേര്‍ത്ത് 'മഴവില്ല്' സഖ്യമുണ്ടാക്കാനും രജനിക്ക് പദ്ധതിയുണ്ടെന്നാണ് വിവരം. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പം എത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ മറ്റു പ്രാദേശിക പാര്‍ട്ടികളും വലിയ പാര്‍ട്ടികളിലെ പ്രമുഖരും നടന്‍ രജനീകാന്തിനൊപ്പം ഒരുമ്മിച്ചേക്കാനും സാധ്യതയുണ്ട്. എന്തായാലും ഡിഎംകെയെ തകര്‍ക്കുകയാണ് രജനിയുടെ പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യമെന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
നേരത്തെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത് രംഗത്ത് എത്തിയിരുന്നു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആായിരുന്നു അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. ഇതു വിവാദമായതോടെ ഇസ്‌ലാം മതനേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്തായാലും ശക്തമായ ആരാധനാ പിന്‍ബലത്തിനൊപ്പം പുതുവോട്ടര്‍മാരെ കൂടി സ്വാധീനിച്ചാല്‍ രാഷ്ട്രീയ നീക്കം വിജയമാകുമെന്നാണ് രജനീകാന്തിന്റെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha


























