പ്രധാനമന്ത്രി അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം ; അഞ്ച് നിര്‍ദ്ദേശങ്ങളുമായി സോണിയ ഗാന്ധി

പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ കത്ത്. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. എം.പിമാര്‍ക്കുള്ള ശമ്ബളം വെട്ടിക്കുറയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ പിന്തുണച്ച സേണിയ ഗാന്ധി 'ചെലവുചുരുക്കല്‍ നടപടികള്‍' ആവശ്യമാണെന്ന് കത്തില്‍ പറയുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ പി.എം കെയര്‍ ഫണ്ട‌് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിലവിനുള്ള സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താന്‍ ഇത് സഹായകമാകുമെന്ന് സോണിയ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. സര്‍ക്കാര്‍ പരസ്യങ്ങള്‍, ഡല്‍ഹിയിലെ 20,000 കോടി രൂപയുടെ സൗന്ദര്യവത്ക്കരണം,ഔദ്യോഗിക വിദേശ പര്യടനങ്ങള്‍ എന്നിവ നിര്‍ത്തിവയ്ക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
20,000 കോടി രൂപയുടെ 'സെന്‍ട്രല്‍ വിസ്ത' സൗന്ദര്യവത്കരണ, നിര്‍മാണ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 'ഇതുപോലുള്ള ഒരു സമയത്ത് അത് ദുര്‍വ്യയം ആണ്. നിലവിലുള്ള ചരിത്രപരമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റിന് സുഖമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതിസന്ധി കഴിയുന്നതുവരെ നീട്ടിവെക്കാനാവാത്ത അടിയന്തരആവശ്യകതകളില്ല' -സോണിയ ഗാന്ധി കത്തില്‍ എഴുതി. ശമ്ബളം, പെന്‍ഷന്‍, കേന്ദ്ര സ്‌കീമുകള്‍ ഒഴികെയുള്ള ചെലവുകള്‍ കേന്ദ്ര ബജറ്റില്‍ 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ എല്ലാ വിദേശ സന്ദര്‍ശനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു. 'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും യാത്രകള്‍ക്ക് ഏകദേശം 393 കോടി രൂപയാണ് ചെലവായത് ഈ തുക കോവിഡ് -19 നെ നേരിടാനുള്ള നടപടികളില്‍ വ്യാപകമായി വിനിയോഗിക്കാന്‍ കഴിയും,' അവര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























