ഇന്ത്യയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ശക്തമാകുന്നു.... ഹോട്ട് സ്പോട്ടുകള്‍ കര്‍ശനമായി സീല്‍ ചെയ്തും ലോക്ക് ഡൗണ്‍ നീട്ടിയും വൈറസ് വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍

അതി ശക്തമായി തന്നെയാണ് നമ്മുടെ രാജ്യം കോവിഡ്19 എന്ന മഹാമാരിക്കെതിരെ പോരാടുന്നത് . രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഇതേപടി തുടര്‍ന്നാല്‍ ഇന്ത്യയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ശക്തമാകുന്നു. രോഗികള്‍ അയ്യായിരത്തിനു മുകളിലെത്തിയ രണ്ടു ദിവസം കൊണ്ട് രോഗവ്യാപന നിരക്കില്‍ 25 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഹോട്ട് സ്പോട്ടുകള്‍ കര്‍ശനമായി സീല്‍ ചെയ്തും ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയും വൈറസ് വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.
മാര്‍ച്ച് ഒന്നിന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നു കേസുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ ഒരുമാസത്തിനിടെ രോഗികള്‍ 2059 ആയി. അടുത്ത നാലു ദിവസം കൊണ്ട് ആയിരം പേര്‍ക്കു കൂടി രോഗം ബാധിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ രോഗികളുടെ വര്‍ദ്ധന ഞെട്ടിക്കുന്നതാണ്. ഏപ്രില്‍ ഒന്നിനും മൂന്നിനും ഇടയില്‍ രോഗികള്‍ 3105 ആവുകയും മരണം 86 ആവുകയും ചെയ്തു.
അതിനു ശേഷം ഓരോ ദിവസവും രോഗ വ്യാപന നിരക്ക് കുതിച്ചുയര്‍ന്നു. മഹാരാഷ്ട്രയും ഡല്‍ഹിയും ഹോട്ട്‌സ്‌പോട്ടുകളായി. ഏപ്രില്‍ അഞ്ചിന് രോഗികള്‍ 4000 ആയി. മരണം നൂറു കടന്നു. ഇന്നലെയാകട്ടെ, രാജ്യത്ത് വൈറസ് ബാധിതരുടെ സംഖ്യ 5800 കടന്നു. ആകെ മരണസംഖ്യ 184. ഇങ്ങനെ തുടര്‍ന്നാല്‍ നാലു ദിവസത്തിനകം ആകെ രോഗികള്‍ പതിനായിരം കടന്നേക്കാം.
ചൈനയില്‍ അടക്കം രോഗവ്യാപന ഗ്രാഫ് ഒരിക്കലും സ്ഥിരമായിരുന്നില്ല. ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നെന്നു തോന്നിച്ച ശേഷം കുതിച്ചുയര്‍ന്നത് ജനസാന്ദ്രതയേറിയ ഇന്ത്യയ്ക്കും മുന്നറിയിപ്പാണ്. ചൈനയില്‍ രോഗികള്‍ 500ല്‍ നിന്ന് 5000 കടന്നത് ആറു ദിവസംകൊണ്ടാണ്. നാലു ദിവസംകൊണ്ട് പതിനായിരവും കടന്നു. ഇന്ത്യയില്‍ ഒരാഴ്ചകൊണ്ട് മരണസംഖ്യ വര്‍ദ്ധിച്ചതും ശ്രദ്ധേയമാണ്.
പരിശോധനകളുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് ഇന്ത്യയിലെ പ്രശ്നം. അതിനാല്‍ വൈറസ് വാഹകരായ രോഗികള്‍ വഴി രോഗം വ്യാപിക്കാം. കേരളം, ഗോവ, രാജസ്ഥാന്‍, ഡല്‍ഹി, ചണ്ഡിഗഡ് സംസ്ഥാനങ്ങള്‍ മാത്രമാണ് പരിശോധനയില്‍ മുന്നില്‍. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശോധന അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സുനാമി പോലെ ചെറിയ അലകള്‍ അതിവേഗത്തില്‍ ഉയര്‍ന്ന് ആധുനിക ആരോഗ്യ സംവിധാനങ്ങളെ മുട്ടുകുത്തിക്കുന്നു. ഇറ്റലി, അമേരിക്ക എന്നിവയെ അപേക്ഷിച്ച് നീണ്ട ലോക്ക്ഡൗണ്‍, സമൂഹ അകലം പാലിക്കല്‍, വൃത്തി, പരമാവധി ടെസ്റ്റുകള്‍ തുടങ്ങിയവ വഴി നമുക്ക് വലിയ പരിക്കില്ലാതെ ഈ മഹാമാരിയെ അതിജീവിക്കാം. പക്ഷേ എളുപ്പമല്ല. ലോക്ക് ഡൗണ്‍ ആളുകളെ സാമ്ബത്തികമായി തളര്‍ത്തും. ആരോഗ്യ സംവിധാനങ്ങളുടെയും വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും പരിമിതി പെട്ടെന്ന് മാറ്റാനാവില്ല. ഓരോ രോഗിയില്‍ നിന്നും ഒന്നിലേറെ പേരിലേക്ക് രോഗം പകരാത്ത നിലയിലേക്ക് കൊണ്ടുവരണം. അതാണ് വെല്ലുവിളി.
https://www.facebook.com/Malayalivartha


























