സേനയിലും നുഴഞ്ഞു കയറി കോവിഡ് ; 25 പേർക്ക് രോഗം; വൈറസ് ആക്രമണം നാവികസേനയുടെ കരുത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും യുദ്ധ മുന്നണിയിലെ ഏതു ദൗത്യവും ഏറ്റെടുക്കാൻ സജ്ജമാണെന്നും സേന; ചെറിയൊരു അശ്രദ്ധ ബാധിക്കുന്നത് 15 ലക്ഷം ജീവനുകളെ

രാജ്യത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ്. രാജ്യത്തെ പ്രതിരോധ സേനയിലും ഈ കുഞ്ഞൻ വൈറസ് കടന്നു കയറിയിരിക്കുകയാണ്. നാവികസേനയുടെ മുംബയ് ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡിൽ 25 സേനാംഗങ്ങൾക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ സേന അതീവ ജാഗ്രതയിലാണ്.
എന്നാൽ വൈറസ് ആക്രമണം നാവികസേനയുടെ കരുത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും യുദ്ധ മുന്നണിയിലെ ഏതു ദൗത്യവും ഏറ്റെടുക്കാൻ സജ്ജമാണെന്നും സേന വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച 25 പേർക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു എന്നതാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നത്. നിലവിൽ കര, നാവിക, വ്യോമ സേനകളിൽ രോഗ ലക്ഷണങ്ങൾ കാട്ടുന്നവരെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നത്. ഇപ്പോൾ സേനാംഗങ്ങളെ മുഴുവൻ പരിശോധിക്കുക എന്ന വലിയ വെല്ലുവിളിയാണ് പ്രതിരോധ സേനയുടെ മുന്നിലുള്ളത്.
ഇതാദ്യമായാണ് നാവികസേനയിൽ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തേ ഏപ്രിൽ 7-ന് ഒരു നാവികന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഒരു യുദ്ധക്കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ജോലി ചെയ്യുന്ന ആർക്കും രോഗബാധയില്ലെന്ന് നാവികസേന വ്യക്തമാക്കി. ഏപ്രിൽ 7-ന് മുംബൈയിൽ രോഗബാധയുണ്ടായ നാവികനുമായി സമ്പർക്കം പുലർത്തിയവരുമായി ബന്ധപ്പെട്ട് സേനയിൽ വ്യാപകമായ പരിശോധന നടന്നിരുന്നു. ഇതിലാണ് കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഐഎൻഎസ് ആൻഗ്രെ (INS Angre) എന്ന കപ്പലിൽ ജോലി ചെയ്യുന്ന നാവികർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് ഒരു മാതൃ-കപ്പലാണ്. അതായത് പടിഞ്ഞാറൻ നാവികകമാൻഡിലെ കപ്പലുകളിലേക്ക് സാധനങ്ങളും ലോജിസ്റ്റിക്സും എത്തിക്കാനും ഭരണപരമായ കാര്യങ്ങൾ നടത്താനും ഉപയോഗിക്കുന്ന, നിലവിൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ.
ഏപ്രിൽ 7-ന് നാവികന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വിപുലമായ പരിശോധന ഈ കപ്പലിൽ നടക്കുന്നത്. കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനയിലെ ഈ ബ്ലോക്ക് പൂർണമായും ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവർ മറ്റ് ജോലികൾക്കും ഡ്യൂട്ടികൾക്കുമായി നേവൽ ബേസിലും മുംബൈ നഗരത്തിലെ മറ്റ് ഭാഗങ്ങളിലും പോയതുമായി ബന്ധപ്പെട്ടും നാവികസേന കോണ്ടാക്ട് ട്രേസിംഗും പരിശോധനയും നടത്തുന്നുണ്ട്. ഐഎൻഎസ് ആൻഗ്രെയുടെ ഏതാണ്ട് നൂറോളം മീറ്റർ ദൂരെയാണ് പടിഞ്ഞാറൻ നാവികകമാൻഡിലെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിർത്തിയിട്ടിരിക്കുന്നത്.
വൈറസ് ബാധയുള്ളയാൾ ലക്ഷണങ്ങൾ കാട്ടണമെന്നു നിർബന്ധമില്ലാത്തതിനാൽ വരും ദിവസങ്ങളിൽ സേനാംഗങ്ങളെ വ്യാപകമായി പരിശോധിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് സേനകളിലുമായി ഏതാണ്ട് 15 ലക്ഷം സേനാംഗങ്ങളാണുള്ളത്. എന്നാൽ ഇവരെ എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുക പ്രായോഗികമല്ല. അതുകൊണ്ട് യുദ്ധമുന്നണിയിൽ നിർണായക പങ്കുവഹിക്കുന്ന യുദ്ധക്കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയിൽ നിലയുറപ്പിച്ചിട്ടുള്ള സേനാംഗങ്ങളെയും യുദ്ധവിമാന പൈലറ്റുമാരെയും ആദ്യ ഘട്ടത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതിർത്തി കാക്കുന്ന ജവാൻമാർക്കിടയിലും വ്യാപക പരിശോധന നടത്തും
.
https://www.facebook.com/Malayalivartha























