പാകിസ്താന്റെയോ ചൈനയുടെയോ പ്രദേശങ്ങളില്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും സമാധാനവും സൗഹൃദവുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും നിതിന്‍ ഗഡ്കരി; അതിര്‍ത്തികള്‍ വിശാലമാക്കി കരുത്തുകാട്ടാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല

ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് കടുപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന്റെയോ ചൈനയുടെയോ പ്രദേശങ്ങളില്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും സമാധാനവും സൗഹൃദവുമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഗുജറാത്ത് ബിജെപി ഘടകം സംഘടിപ്പിച്ച വെര്‍ച്വല്‍ ജന്‍ സംവാദ് റാലിയെ നാഗ്പൂരില്‍നിന്ന് അഭിസംബോധന ചെയ്യവെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ സമാധാനത്തിലും അക്രമരാഹിത്യത്തിലുമാണ് വിശ്വസിക്കുന്നത്. അതിര്‍ത്തികള്‍ വിശാലമാക്കി കരുത്തുകാട്ടാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. ഭൂട്ടാനോ ബംഗ്ലാദേശോ പോലെയുള്ള അയല്‍ രാജ്യങ്ങളുടെ സ്ഥലം പിടിച്ചെടുക്കാന്‍ ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ല. പാകിസ്താനോ ചൈനയോ നിയമാനുസൃതം കൈവശംവച്ചിരിക്കുന്ന പ്രദേശങ്ങളൊന്നും ഇന്ത്യയ്ക്ക് വേണ്ട.
അയല്‍രാജ്യങ്ങളുമായി സൗഹൃദവും സ്‌നേഹവും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. അവര്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തിടെവരെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അതിനിടെ, ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ബില്‍ നേപ്പാള്‍ പാര്‍ലമെന്റിന്റെ അധോസഭ കഴിഞ്ഞ ദിവസം പാസാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
കോവിഡ് പ്രതിസന്ധി ദീര്‍ഘകാലം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















