ഇന്ത്യയില്‍ വിറ്റ ഏഴു മോഡല്‍ കാറുകള്‍ക്ക് ഇന്ധന പമ്പ് തകരാര്‍: തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ഹോണ്ട

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ഇന്ധന പമ്പ് തകരാറിന്റെ പേരില്‍ ഇന്ത്യയില്‍ വിറ്റ 65,651 കാറുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ തയാറെടുക്കുന്നു. 2018-ല്‍ നിര്‍മിച്ച ഏഴു മോഡല്‍ കാറുകള്‍ക്കാണു പരിശോധന ആവശ്യമായി വരികയെന്നു കമ്പനി വ്യക്തമാക്കി; ഹാച്ച്ബാക്കായ 'ബ്രിയൊ', 'ജാസ്', സെഡാനായ 'അമെയ്‌സ്', 'സിറ്റി', സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളായ ഡബ്ല്യു ആര്‍- വി, ബി ആര്‍ - വി, സി ആര്‍ -വി' എന്നിവയ്‌ക്കൊക്കെ പരിശോധന വേണ്ടി വരും.
തിരിച്ചു വിളിച്ചു പരിശോധിക്കേണ്ടവയില്‍ എന്‍ട്രി ലവല്‍ സെഡാനായ 'അമെയ്‌സ്' ആണു മുന്നില്‍: 32,498 യൂണിറ്റ്. 16,434 'സിറ്റി' കാറുകള്‍ക്കും 7,500 'ജാസി'നും പരിശോധന ആവശ്യമാണ്. 7,057 'ഡബ്ല്യു ആര്‍ വി', 1,622 'ബി ആര്‍ വി', 360 'ബ്രിയൊ', 180 'സി ആര്‍ വി' എന്നിങ്ങനെയാണു മറ്റു മോഡലുകളുടെ കണക്ക്.
2018-ല്‍ നിര്‍മിച്ച കാറുകളില്‍ ഘടിപ്പിച്ച ഫ്യുവല്‍ പമ്പില്‍ ഇംപെല്ലര്‍ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണു ഹോണ്ട വിശദ പരിശോധന നടത്തുന്നത്. ഇംപെല്ലറിന്റെ സാന്നിധ്യം എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കാനോ സ്റ്റാര്‍ട് ആവാതിരിക്കാനോ ഉള്ള സാധ്യത സൃഷ്ടിക്കുമെന്നു കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ഈ 20 മുതല്‍ ഘട്ടം ഘട്ടമായി വാഹന പരിശോധന ആരംഭിക്കാനാണു ഹോണ്ടയുടെ തീരുമാനം. തകരാര്‍ കണ്ടെത്തുന്ന പക്ഷം ഇന്ധന പമ്പ് സൗജന്യമായി മാറ്റി നല്‍കുമെന്നാണ് എച്ച് സി ഐ എല്ലിന്റെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ കമ്പനി നേരിട്ടു വിവരം അറിയിക്കും. ഇതിനു പുറമെ കമ്പനിയുടെ ഔദ്യോഗിക സൈറ്റില്‍ സജ്ജമാക്കിയ മൈക്രോസൈറ്റ് സന്ദര്‍ശിച്ച് 17 അക്ക ആല്‍ഫ - ന്യൂമറിക് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍(വി ഐ എന്‍) നല്‍കിയും പരിശോധന ആവശ്യമുള്ള വാഹനം തിരിച്ചറിയാന്‍ അവസരമുണ്ട്.
https://www.facebook.com/Malayalivartha






















