ഇംഗ്ലണ്ട് തീരത്ത് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരുമായി ആദ്യ വിമാനം ഗോവയില്‍ എത്തി

ഇംഗ്ലണ്ട് തീരത്ത് കപ്പലുകളില്‍ കഴിയേണ്ടിവന്ന ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ പ്രതിഷേധങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഒടുവില്‍ നാട്ടിലേക്കു മടങ്ങിയെത്തി. ഇന്നലെ രാത്രി ഒരു സംഘം ഹീത്രു വിമാനത്താവളം വഴി ഗോവ വിമാനത്താവളത്തിലെത്തി. രണ്ടാം സംഘം ഇന്നു രാവിലെ മുംബൈ വിമാനത്താവളത്തിലെത്തും.
മറെല്ല ക്രൂയിസ് കമ്പനിയുടെ വിനോദസഞ്ചാരികളുമായി പുറപ്പെട്ട 5 കപ്പലുകളിലെ 44 മലയാളികള്‍ ഉള്‍പ്പെടെയുള്ള 600 ഇന്ത്യക്കാരാണ് ഏപ്രിലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇംഗ്ലണ്ടിലെ സതാംപ്ടന്‍ തീരത്തു കുടുങ്ങിയത്. യാത്ര നിര്‍ത്തേണ്ടിവന്നതോടെ കപ്പല്‍ കമ്പനി അധികൃതര്‍ അവരുടെ വിമാനങ്ങളില്‍ ജീവക്കാരെ നാട്ടിലെത്തിക്കാന്‍ തയാറായിരുന്നെങ്കിലും ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി വൈകുകയായിരുന്നു.
യാത്രാതീയതി 3 തവണ മാറ്റിയതില്‍ പ്രതിഷേധിച്ചു ജീവനക്കാര്‍ കപ്പലില്‍ പ്ലക്കാര്‍ഡുകളുമായി സംഗമിക്കുകയും ഇവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരും എംഎല്‍എമാരും ഇടപെടുകയും ചെയ്തിരുന്നു. 600 ജീവനക്കാരില്‍ ഗോവയിലേക്കുള്ള വിമാനത്തില്‍ 280 പേരും മുംബൈയിലേക്ക് 270 പേരുമാണു പുറപ്പെട്ടത്. ബാക്കിയുള്ളവരെ അത്യാവശ്യ കാര്യങ്ങള്‍ക്കായി കപ്പലില്‍ നിലനിര്‍ത്തി.
നാളെ രാവിലെ എത്തുന്ന മുംബൈയിലേക്കുള്ള സംഘത്തിലാണ് കേരളത്തിലേക്കുള്ള 44 പേര്‍ ഉള്ളത്. കപ്പല്‍ കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തിയ മുംബൈയിലെ ഹോട്ടലില്‍ 8 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞശേഷം 23-ന് കൊച്ചിയിലേക്കു മടങ്ങുമെന്നു കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി പി.പി.ലുബൈബ് പറഞ്ഞു. ലുബൈബിനെ കൂടാതെ കൂട്ടിലങ്ങാടി സ്വദേശി എം.റിതിക്, രാമപുരം സ്വദേശി വടക്കേതൊടി ഖാലിദ് എന്നിവരാണു മലപ്പുറം ജില്ലയില്‍നിന്നുള്ളത്.
https://www.facebook.com/Malayalivartha























