ഇന്ത്യയുടെ പ്രത്യുഷും മിഹിറും സൂപ്പര്‍ കംപ്യൂട്ടര്‍ ടോപ്-500 പട്ടികയില്‍

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 2 കംപ്യൂട്ടറുകള്‍ ടോപ് 500 പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടികയിലിടം പിടിച്ചു. പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജിയിലെ (ഐഐടിഎം) പ്രത്യുഷ് 67-ാം സ്ഥാനത്താണ്. നോയിഡയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിലെ (എന്‍സിഎംആര്‍ഡബ്യൂഎഫ്) മിഹിര്‍ 120-ാം സ്ഥാനത്തും.
ഇക്കഴിഞ്ഞ 22-ന് നടന്ന രാജ്യാന്തര സൂപ്പര്‍ കംപ്യൂട്ടിങ് കോണ്‍ഫറന്‍സിലാണ് പട്ടിക പുറത്തുവിട്ടത്. പ്രത്യുഷ് കഴിഞ്ഞ വര്‍ഷം 57-ാം സ്ഥാനത്തും മിഹിര്‍ 100-ാം സ്ഥാനത്തുമായിരുന്നു. പ്രത്യുഷിന് 3.7 പെറ്റാഫ്‌ലോപ്പാണു ശേഷി. മിഹിറിന്റെ ശേഷി 2.5 പെറ്റാഫ്‌ലോപ്പും. ഒരു സെക്കന്‍ഡില്‍ എത്ര ദശാംശസംഖ്യാ ക്രിയകള്‍ ചെയ്യുന്നു എന്നത് അളക്കാനുള്ള യൂണിറ്റാണു ഫ്‌ലോപ്‌സ് (FLOPS).
2018-ലാണ് 440 കോടി രൂപ മുതല്‍മുടക്കില്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ സ്ഥാപിച്ചത്. വായുനിലവാരം, പ്രളയം, വരള്‍ച്ച എന്നിവ ഇവ വിശകലനം ചെയ്യുന്നുണ്ട്. കാലാവസ്ഥാ പ്രവചനം കൃത്യമായി നടത്താന്‍ സഹായിക്കുന്നതാണിവ.
ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടറായ ഫുഗാകുവിന്റെ പുതിയ ചുമതല കോവിഡ് ഗവേഷണമാണ്. ഫുജിറ്റ്‌സു കമ്പനിയും ജപ്പാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഗവേഷണകേന്ദ്രമായ റികെനും ചേര്‍ന്നാണ് ഫുഗാകു വികസിപ്പിച്ചിരിക്കുന്നത്.
അതിനിടെ ഐഐടിഎമ്മിലെ താല്‍ക്കാലിക ഐടി ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യുഷിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെ സ്ഥാപനം അടച്ചിടാന്‍ തീരുമാനിച്ചതോടെ മറ്റൊരു സൂപ്പര്‍ കംപ്യൂട്ടറായ ആദിത്യയും പ്രവര്‍ത്തിക്കില്ല.
https://www.facebook.com/Malayalivartha


























