തകര്‍ന്നു വീണ ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചരിച്ചുവെന്ന അവകാശവാദ വുമായി ചെന്നൈ സ്വദേശി, ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒയ്ക്ക് വിവരം കൈമാറി, ഇക്കാര്യം പരിശോധിക്കുമെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നാസയുടെ ചിത്രങ്ങളില്‍നിന്നു ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചെന്നൈ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ പുതിയ അവകാശവാദവുമായെത്തി. അവസാന നിമിഷം തകര്‍ന്നു വീണ ലാന്‍ഡറില്‍ (വിക്രം) നിന്നും റോവര്‍ (പ്രഗ്യാന്‍) പുറത്തിറങ്ങി സഞ്ചരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
നാസയുടെ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങള്‍ അപഗ്രഥിച്ചാണ് അദ്ദേഹത്തിന്റെ വാദം. ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒയ്ക്കു വിവരം കൈമാറി. ഇക്കാര്യം പരിശോധിക്കുമെന്ന് ഐഎസ്ആര്‍ഒയും അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പുതിയ ദൃശ്യങ്ങളില്‍ ലാന്‍ഡറില്‍നിന്ന് ഉരുണ്ടു നീങ്ങിയ റോവറിനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ലാന്‍ഡര്‍ തകര്‍ന്നെങ്കിലും ഐഎസ്ആര്‍ഒ-യില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് റോവറിനു കൈമാറിയിരിക്കാമെന്നും എന്നാല്‍ തിരികെ ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടിരിക്കാമെന്നുമാണ് ഷണ്‍മുഖത്തിന്റെ വാദം.
https://www.facebook.com/Malayalivartha























