കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഉന്തുവണ്ടിയില്‍

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഒരു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലെത്തിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെബന്ധുക്കള്‍ ഉന്തുവണ്ടിയില്‍ മൃതദേഹം കൊണ്ടുപോകയായിരുന്നു.
മറ്റു വാഹനങ്ങള്‍ അന്വേഷിച്ചെങ്കിലും ആരും വരാന്‍ തയാറായില്ല. കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ സമീപവാസികളും ഭീതിയിലായി.
വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 23-നാണ് ചിന്നമ്മാളിനെ (85) ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. 28-ന് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. 30-ന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കമ്പം ഗവ. ആശുപത്രിയിലെ ചികിത്സാ കേന്ദ്രത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ഒഴിവു വരുന്നതുവരെ വീട്ടില്‍ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇവരുടെ കൊച്ചുമകനും ഭാര്യയുമാണ് പരിചരിക്കാനുണ്ടായിരുന്നത്. ശനിയാഴ്ച ചിന്നമ്മാള്‍ മരിച്ചതോടെ ഇവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു.
രോഗികളുമായുള്ള ഓട്ടത്തിലായിരുന്നതിനാല്‍ ആംബുലന്‍സുകള്‍ കിട്ടാനില്ലായിരുന്നു. ആംബുലന്‍സ് എത്തുന്നതു വരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം. മൃതദേഹത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പ്ലാസ്റ്റിക് കവറുകളില്‍ പൊതിയാനും ഇവര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് 3 കിലോ ബ്ലീച്ചിങ് പൗഡര്‍ വിതറി 16 പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് പൊതിഞ്ഞു. ആംബുലന്‍സിനായി കാത്തിരുന്നപ്പോഴാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വച്ചുകൊണ്ടിരിക്കുന്നതിനെതിരെ സമീപവാസികള്‍ ബഹളം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha























