പുതിയ കശ്മീരിന് ഒരു വർഷം ; ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതു താൽക്കാലികം മാത്രമാണെന്നും സ്ഥിതി സാധാരണ നിലയിലായാൽ പൂർണ സംസ്ഥാന പദവി മടക്കി നൽകുമെന്നുമുള്ള അമിത് ഷായുടെ വാക്കുകൾക്കും ഒരു വർഷം; കശ്മീർ ഇപ്പോൾ ഇങ്ങനെയാണ്

പ്രത്യേക പദവി എടുത്തുമാറ്റി ജമ്മുകശ്മീർ ജമ്മുവും കശ്മീരും ലഡാക്കുമായി മാറിയിട്ട് ഇന്ന് ഒരു വർഷം. ജമ്മു, ലഡാക്ക് ശാന്തിയുടെ രുചിയറിയുമ്പോൾ കനത്ത നിയന്ത്രണങ്ങളിൽ നിന്നും കശ്മീർ താഴ്വര ഇനിയും മുക്തമായിട്ടില്ല. കർഫ്യൂ ഇല്ലാത്ത, ഭീകരാക്രമണങ്ങളില്ലാത്ത, ഇന്റർനെറ്റ് വിലക്കാത്ത, നിക്ഷേപങ്ങളും ടൂറിസ്റ്റുകളും ഒഴുകിയെത്തുന്ന ഒരു പുതിയ കശ്മീരായിരിക്കും, ഭൂമിയിലെ യഥാർഥ സ്വർഗമായിരിക്കും, ഇനി ഇന്ത്യ കാണുകയെന്നായിരുന്നു ഒരു വർഷം മുൻപ് കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഇതെല്ലാം പാലിക്കപ്പെട്ടോ? എന്ന സംശയം നിലനിൽക്കുന്നു. 2019 ഓഗസ്റ്റ് 5 അമിത്ഷാ ആ നിർണ്ണായക പ്രഖ്യാപനം നടത്തി. ആർട്ടിക്കിൾ 370 റദ്ധാക്കിയെന്ന പ്രഖ്യാപനം .
ഭരണഘടനയിലെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും, ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചത് ഓഗസ്റ്റ് അഞ്ചിനായിരുന്നു .
ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപപ്പെട്ടു. പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിലേതിനു സമാനമായി ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങൾക്കു സമാനമായി കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൽ ലഡാക്കും. രൺബീർ സിങ് രാജാവിന്റെ കാലത്തു രൂപം കൊടുത്ത, കശ്മീരിന് സവിശേഷ അധികാരം നൽകുന്ന, രൺബീർ പീനൽ കോഡ് (ആർപിസി) മാറി ഇന്ത്യൻ പീനൽ കോഡിനു കീഴിലേക്കും ജമ്മു കശ്മീർ മാറി. സർക്കാർ ജോലിയിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലും കശ്മീരികൾക്കുണ്ടായിരുന്ന പ്രത്യേക ‘സംവരണവും’ ഇതോടെ അപ്രത്യക്ഷമായി.
ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങൾ പാക്കിസ്‌ഥാനിലും ഇന്ത്യയിലും ചേർന്നു. പക്ഷേ, ജമ്മു കശ്‌മീരിലെ ഹിന്ദുമത വിശ്വാസിയായ മഹാരാജാ ഹരിസിങ് ഒരു തീരുമാനവുമെടുത്തില്ല. മുസ്‌ലിംകൾ ധാരാളമുള്ള സ്‌ഥലമായതിനാൽ ജമ്മു കശ്‌മീർ സ്വന്തമെന്നു പാക്കിസ്‌ഥാൻ സ്വയം വിശ്വസിക്കുകയായിരുന്നു . എന്നാൽ കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ നടക്കാത്തതിനെത്തുടർന്നു ഗോത്ര വർഗക്കാരായ റസാകർ സേനയെ പാക്കിസ്‌ഥാൻ ഇളക്കി വിട്ടു.
നുഴഞ്ഞു കയറ്റക്കാർ രാജ്യത്തിന്റെ നല്ലൊരു പങ്കും കയ്യടക്കി . ആ സമയം രാജാവ് ഇന്ത്യയുടെ സഹായം തേടി. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു അതു നിരസിച്ചു. കാരണം ജമ്മു കശ്‌മീർ മറ്റൊരു രാജ്യമാണ്. ഇന്ത്യൻ സേനയെ അങ്ങോട്ട് അയയ്‌ക്കുന്നതു മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമായിരുന്നു . നിൽക്കക്കള്ളിയില്ലാതെ രാജാവ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പിട്ടു. അങ്ങനെയാണ് സാങ്കേതികമായി ജമ്മു കശ്‌മീർ ഇന്ത്യയുടെ ഭാഗമായത്. പക്ഷേ ഈ ഉടമ്പടിയിൽ ചില കാര്യങ്ങൾ എഴുതിച്ചേർത്തത് പിന്നീട് ഇന്ത്യയ്ക്കു തിരിച്ചടിയായി.
രാജ്യത്തിന്റെ ഭരണഘടന രൂപീകരിക്കുന്ന സമയത്ത് ഇന്ത്യയിൽ ചേർന്ന നാട്ടുരാജ്യങ്ങളുടെ ഭരണഘടന എപ്രകാരമായിരിക്കണമെന്നു ഭരണഘടനാ നിർമാണസഭ ചർച്ച ചെയ്‌തിരുന്നു. എല്ലാ നാട്ടുരാജ്യങ്ങൾക്കും ഒരു ഭരണഘടന മതിയെന്നും അധികാരങ്ങൾ ഫെഡറൽ സമ്പ്രദായത്തിൽ വേർതിരിച്ചു രേഖപ്പെടുത്തണമെന്നും തീരുമാനിച്ചു. അങ്ങനെ ‘ഇന്ത്യ ഈസ് എ യൂണിയൻ ഓഫ് സ്‌റ്റേറ്റ്‌സ്’ എന്ന പ്രഖ്യാപനമുണ്ടായി. അപ്പോഴും ജമ്മു കശ്‌മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്‌തമായി തുടരാന്‍ കാരണം നേരത്തേ പറഞ്ഞ ലയന ഉടമ്പടിയായിരുന്നു.
അതില്‍ ഇന്ത്യയ്‌ക്കു പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിൽ മാത്രമാണു ജമ്മു കശ്‌മീർ അധികാരം കൈമാറിയിരുന്നത്. മറ്റെല്ലാറ്റിലും ഭരണപരമായ അധികാരം ജമ്മു കശ്‌മീർ നിയമസഭയ്ക്കാണ്. ഇന്ത്യൻ ഭരണഘടന മറ്റു പ്രദേശങ്ങളെപ്പോലെ പൂർണമായും ജമ്മു കശ്‌മീരിലേക്കു വ്യാപിക്കാത്തതിനും സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന 370ാം വകുപ്പനുസരിച്ചു പ്രത്യേക പദവി ജമ്മു കശ്‌മീരിനു നൽകാനുമുണ്ടായ സാഹചര്യവും അതായിരുന്നു. നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമാണ്. 2019 ഓഗസ്റ്റ് 5 വരെ സംസ്ഥാനത്ത് പുതിയ നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു.
ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മുൻപുണ്ടായിരുന്ന സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതായിരുന്നു ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമായിരുന്നു വകുപ്പ്. അന്യസംസഥാനക്കാർക്ക് ജമ്മു കശ്മീരിൽ ഭൂമി വാങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.
ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതു താൽക്കാലികം മാത്രമാണെന്നും സ്ഥിതി സാധാരണ നിലയിലായാൽ പൂർണ സംസ്ഥാന പദവി മടക്കി നൽകുമെന്നുമുള്ള അമിത് ഷായുടെ വാക്കുകൾക്കും ഓഗസ്റ്റ് അഞ്ചിന് ഒരു വർഷം തികയുകയാണ്. പക്ഷേ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഉൾപ്പെടെ ചിലർ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇതിന്റെ പേരിലും സ്ഥിരതാമസാധികാര സർട്ടിഫിക്കറ്റിന്റെയും തൊഴിലില്ലായ്മയുടെയും പേരിലും കേന്ദ്രത്തിനെതിരെ പല കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിനിടെയാണ് കേന്ദ്ര സർക്കാരിനു താൽക്കാലിക ‘ആശ്വാസമെന്ന’ നിലയിൽ കോവിഡിന്റെ വരവ്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണം കോവിഡാണെന്നാണ് സർക്കാർ നിലപാട്. എന്നാൽ ജമ്മു കശ്മീരിന്റെ വികസനം റോക്കറ്റ് പോലെ കുതിക്കുകയാണെന്ന് ലഫ്. ഗവർണർ ഗിരിഷ് ചന്ദ്ര മുർമുവും അവകാശവാദം ഉന്നയിക്കുന്നു.
താഴ്‌വരയിൽ സ്ഥിതിഗതികളെല്ലാം ശാന്തമാണെന്നു കേന്ദ്രം പറയുമ്പോഴും ഓഗസ്റ്റ് 4 മുതൽ മേഖലയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. വിഘടനവാദികളും പാക്ക് പിന്തുണയോടെ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും അഞ്ചിന് കരിദിനം ആചരിക്കുന്ന സാഹചര്യത്തിലാണിത്. രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നത് തെരുവുകളിൽ മുഴങ്ങിക്കേൾക്കാം. തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസും സിആർപിഎഫും നിലയുറപ്പിച്ചിരിക്കുന്നു. നൂറുകണക്കിന് ഇടങ്ങളിൽ ബാരിക്കേഡുകൾ. ശ്രീനഗർ നഗരത്തിലുൾപ്പെടെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. കൂട്ടംചേരലുകൾ തടയാൻ ഇത്തവണ കോവിഡ് എന്ന കാരണം കൂടിയുണ്ട്.
https://www.facebook.com/Malayalivartha
























