അച്ഛന് 12-കാരി മകളുടെ ഭീഷണി, 12 മില്യണ്‍ നല്‍കണം, അല്ലെങ്കില്‍ കുടുംബത്തിലെ എല്ലാവരെയും കൊല്ലും!

ചൈനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുംബൈ സ്വദേശിക്ക് ലഭിച്ച ഒരു ഇ-മെയില്‍ സന്ദേശത്തില്‍ '12 മില്യണ്‍ നല്‍കണം, അല്ലെങ്കില്‍ കുടുംബത്തിലെ എല്ലാവരെയും കൊല്ലും' എന്നറിയിച്ചിരുന്നു. ഭയന്ന അദ്ദേഹം ജൂലായ് 18-ന് ബോറിവിള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആദ്യം ഒരു ലക്ഷം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നത് ഇദ്ദേഹം കാര്യമാക്കിയിരുന്നില്ല.
ആമസോണ്‍ പേയിലോ പേടിഎമ്മിലോ പണം നല്‍കാമെന്നും പണം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ ആളുകള്‍ മുംബൈയിലുണ്ടെന്നും അവര്‍ നിങ്ങളെയും കുടുംബത്തെയും കൊല്ലുമെന്നും മൂന്നാമത്തെ ഇ-മെയിലിലും ആവര്‍ത്തിച്ചു. ഇതോടെയാണ് ബോറിവിള്ളി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പണം ആവശ്യപ്പെട്ടെങ്കിലും ഏത് കറന്‍സിയിലാണെന്ന് വേണ്ടതൊന്നും സന്ദേശത്തിലുണ്ടായിരുന്നില്ല. ഇ-മെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് തുടക്കത്തിലേ പന്തികേട് തോന്നിയിരുന്നു. പിന്നാലെ സൈബര്‍ വിദഗ്ധര്‍ ഇ-മെയില്‍ വന്ന ഐ.പി. അഡ്രസ് പരിശോധിച്ചു. ഇതോടെ പരാതിക്കാരന്റെ ഐ.പി. അഡ്രസിലാണ് ഭീഷണി സന്ദേശമയച്ച ഇ-മെയില്‍ ഐ.ഡി.യും നിര്‍മിച്ചതെന്ന് കണ്ടെത്തി.
ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ വീട്ടിലെത്തി എല്ലാവരെയും ചോദ്യംചെയ്തു. ഇതിനിടെ 12-കാരിയായ മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍, അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യംചെയ്തതോടെയാണ് 12-കാരി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
മാതാപിതാക്കള്‍ മൂന്ന് വയസ്സുള്ള സഹോദരനെ തന്നെക്കാളേറെ സ്‌നേഹിക്കുന്നതിനാല്‍ അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ഇ-മെയില്‍ അയച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്തായാലും കേസിലെ 'പ്രതിയെ' കണ്ടെത്തിയെങ്കിലും പോലീസ് അറസ്റ്റിലേക്കൊന്നും നീങ്ങിയില്ല. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനാണ് പോലീസ് നല്‍കിയ നിര്‍ദേശം.
https://www.facebook.com/Malayalivartha
























