ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിന് സൗകര്യമൊരുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ജിഎസ്ടി സംവിധാനം നടപ്പാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ വ്യക്തമാക്കി. ആലോചിച്ചു നിലപാടു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് 7 ദിവസം അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഈ വര്‍ഷം നഷ്ടപരിഹാര സെസ് വരുമാനമായി ലഭിക്കേണ്ടത് 3 ലക്ഷം കോടി രൂപയാണെങ്കിലും പ്രതീക്ഷിക്കുന്നത് 65,000 കോടി മാത്രമാണ്. അപ്പോള്‍, 2.35 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നഷ്ടം മുഴുവന്‍ ജിഎസ്ടി നടപ്പാക്കുന്നതു മൂലമല്ല, കോവിഡ് പ്രതിസന്ധിയും കാരണമാണ്. ജിഎസ്ടി നടപ്പാക്കല്‍ മൂലമുള്ള നഷ്ടം 97,000 കോടി മാത്രമെന്നാണു കേന്ദ്രം കണക്കാക്കുന്നത്.
ഇതിനായി കേന്ദ്രം 2 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു:
1. 97,000 കോടിയുടെ വായ്പ ന്യായമായ പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍നിന്നു ലഭ്യമാക്കുക.
2. സെസ് വരുമാനത്തില്‍ മൊത്തത്തില്‍ കുറവുവരുന്ന 2.35 ലക്ഷം കോടിയും വായ്പയായി റിസര്‍വ് ബാങ്കില്‍നിന്നു ലഭ്യമാക്കുക.
സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനുള്ള കാലയളവ് 2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയാണ്. നഷ്ടപരിഹാര സെസിനും ഈ 5 വര്‍ഷ കാലാവധിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. കാലാവധി നീട്ടാന്‍ കൗണ്‍സിലിനു നിര്‍ദേശിക്കാമെന്നും വ്യവസ്ഥയുണ്ട്. നഷ്ടം നികത്താനെടുക്കുന്ന വായ്പയും പലിശയും തിരിച്ചടയ്ക്കാന്‍ സെസ് കാലാവധി ഏതാനും വര്‍ഷത്തേക്കു നീട്ടാമെന്ന നിലപാട് അംഗീകരിച്ചാല്‍ ജനത്തിനുമേല്‍ അധിക നികുതിഭാരം 2022 ജൂണ്‍ കഴിഞ്ഞും തുടരും.
https://www.facebook.com/Malayalivartha


























