അല്‍വാര്‍ പീഡനക്കേസ്: 4 പ്രതികള്‍ക്ക് മരണംവരെ ജീവപര്യന്തം കഠിന തടവ്

രാജസ്ഥാനില്‍ അല്‍വാര്‍ ജില്ലയിലെ ധാനാഗാജിയില്‍ ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷ 19-കാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികള്‍ക്ക് മരണംവരെ ജീവപര്യന്തം കഠിന തടവ് വിധിച്ചു. പീഡിപ്പിക്കപ്പെട്ട യുവതിക്ക് പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയായും നല്‍കണം. പീഡനം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചാമത്തെ പ്രതിക്ക് അഞ്ചു വര്‍ഷം തടവും അല്‍വാറിലെ പ്രത്യേക കോടതി വിധിച്ചു.
പീഡനത്തില്‍ പങ്കാളിയായ പ്രായപൂര്‍ത്തിയാകാത്തയാളിന്റെ വിചാരണ പ്രത്യേക കോടതിയില്‍ പുരോഗമിക്കുന്നു. ഛോട്ടേ ലാല്‍ (22), ഹന്‍സ് രാജ് ഗുജ്ജര്‍ (20), അശോക് കുമാര്‍ ഗുജ്ജര്‍ (20), ഇന്ദ്രജ്‌സിങ് ഗുജ്ജര്‍ (22) എന്നിവര്‍ക്കാണു ജീവപര്യന്തം. മുകേഷ് ഗുജ്ജര്‍ (28) ആണ് വിഡിയോ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരം അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്.
സാധനങ്ങള്‍ വാങ്ങുന്നതിനായി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26-നാണ് പീഡനത്തിന് ഇരയായത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കുന്നതിനു പ്രതികള്‍ ഭര്‍ത്താവിനോട് 10,000 രൂപയും ആവശ്യപ്പെട്ടിരുന്നു. പീഡനത്തിന് ഇരയായവരുടെ ബന്ധുക്കള്‍ ധാനാഗാജി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും ഏപ്രില്‍ 29-നുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തിരക്കു പറഞ്ഞു മടക്കി വിടുകയായിരുന്നു. ഇതേത്തുടര്‍ന്നു 30-ാം തീയതി ബന്ധുക്കള്‍ അല്‍വാര്‍ എസ്പിയെ നേരിട്ടു കണ്ടു പരാതി നല്‍കി. മേയ് രണ്ടിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മേയ് നാലിനു വിഡിയോ പ്രചരിച്ചതിനു ശേഷമാണു പ്രതികളെ പിടികൂടുന്നതിനു പൊലീസ് നടപടികള്‍ ആരംഭിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഭവം ഏറെ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. കേസില്‍ നടപടി എടുക്കുന്നതില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഎസ്പി നേതാവ് മായാവതിയും ആക്ഷേപം ഉന്നയിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുവതിയെയും ഭര്‍ത്താവിനെയും വീട്ടില്‍ സന്ദര്‍ശിക്കുകയും നീതി ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ധാനാഗാജി സ്റ്റേഷന്‍ ഓഫിസറെ സസ്‌പെന്‍ഡു ചെയ്യുകയും അല്‍വാര്‍ എസ്പിയെ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. തുടര്‍ന്നു വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ എസ്എച്ച്ഒയ്‌ക്കെതിരെ കൃത്യവിലോപത്തിനു കേസ് എടുത്തു. മേയ് 18-ന് കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയതിനു ശേഷം ബന്ധപ്പെട്ട സിഐയെ ജില്ലയ്ക്കു പുറത്തേക്കും സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും റേഞ്ചിനു വെളിയിലേക്കും സ്ഥലം മാറ്റുകയും ചെയ്തു.
ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് അവര്‍ക്കടുത്ത് എത്തുന്ന പരാതിയില്‍ നേരിട്ടു കേസെടുക്കുന്നതിനു അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത് സംഭവത്തെ തുടര്‍ന്നാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ ജില്ലയിലെ ഡിവൈഎസ്പിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കണമെന്നും തീരുമാനമുണ്ടായി. സാമ്പത്തിക നഷ്ടപരിഹാരം നല്‍കിയതിനു പുറമേ പീഡനത്തിന് ഇരയായ യുവതിയെ 2019 ജൂണില്‍ രാജസ്ഥാന്‍ പൊലീസില്‍ നിയമിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















