സി.ബി.ഐ ഡയറക്ടറെ കൊളീജിയം നിയമിക്കും; പുറത്താക്കാനുള്ള അധികാരം രാഷ്ട്രപതിക്ക്
സി.ബി.ഐയെ സ്വതന്ത്രമാക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള അധികാരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയത്തിനായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അതുപോലെ ഡയറക്ടറെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമായിരിക്കും.
സി.ബി.ഐയ്ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്രം നല്‍കുമെന്നും സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സമിതിക്കായിരിക്കും പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്തില്‍ ചേര്‍ന്ന സമിതിയാണ് നാല്‍പ്പത് പേജ് വരുന്ന സത്യവാങ്മൂലം തയ്യാറാക്കിയത്.
കല്‍ക്കരി അഴിമതിയെത്തുടര്‍ന്ന് സി.ബി.ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിയമവകുപ്പ് തിരുത്തല്‍ വരുത്തിയെന്ന് സി.ബി.ഐ ഡയറക്ടര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഉറപ്പു വരുത്തുന്നതിന് സത്യവാങ്മൂലം തയ്യാറാക്കി സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അന്ന് കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനമാണ് കോടതിയില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. ജൂലായ് പത്തിന് സത്യവാങ്മുലത്തിന്മേല് സുപ്രീം കോടതിയില്‍ വിസ്താരം ആരംഭിക്കും.
https://www.facebook.com/Malayalivartha