റിസര്‍വ് ബാങ്ക് പണനയ അവലോകനം ഇന്ന്

റിസര്‍വ് ബാങ്ക് പണനയം അവലോകനം ഇന്ന്. വിലക്കയറ്റവും ധനകമ്മിയും നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്നും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ, വ്യവസായ, ധനകാര്യ സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. മൊത്തവിലസൂചിക ആധാരമാക്കിയുള്ള നാണയപ്പെരുപ്പം ഏപ്രിലില്‍ 2.65 ശതമാനം താഴോട്ടുപോയിരുന്നു. മാത്രമല്ല കഴിഞ്ഞ ആറു മാസമായി നാണയപ്പെരുപ്പം പൂജ്യത്തിനു താഴെയാണ്.
വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന ഹ്രസ്വകാല വായ്പ (റീപോ)യുടെ പലിശനിരക്ക് ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും 0.25% വീതം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കുറച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ഏഴിലെ നയാവലോകനത്തില്‍ മാറ്റമൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ ഇന്നു നടക്കുന്ന നയാവലോകനത്തില്‍ കാര്യമായ ഇളവ് ലഭിക്കുമെന്നുതന്നെയാണു പ്രതീക്ഷയെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.എം. ഭാസിന്‍ പറഞ്ഞു. റീപോ നിരക്ക് 0.25 ശതമാനംകൂടി കുറയ്ക്കുമെന്നാണു ബാങ്കുകളുടെ പ്രതീക്ഷ.
ബാങ്കുകളുടെ കരുതല്‍ പണാനുപാതം (സിആര്‍ആര്‍) 0.5% കുറച്ചാല്‍ പണലഭ്യതയില്‍ 40,000 കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണു ധനകാര്യ സ്ഥാപനങ്ങളുടെ വാദം. പക്ഷേ അതിനു സാധ്യത കുറവാണെന്നു പറയപ്പെടുന്നു. ബാങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട (എസ്എല്‍ആര്‍) തുകയുടെ അനുപാതം കുറയ്ക്കുമെന്നു പ്രതീക്ഷയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























