വിവാഹവേദി ആഴക്കടല്‍.... ചെന്നൈയില്‍ ഐ.ടി. എന്‍ജിനിയര്‍മാരായ വി. ചിന്നദുരൈയും ശ്വേതയും കടലില്‍ 60 അടി താഴ്ചയില്‍ വച്ച് വിവാഹിതരായി, വിവാഹം വെള്ളത്തിനടിയില്‍ വച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹം സഫലമായി

ആഴക്കടല്‍ വിവാഹ വേദിയാക്കി വിവാഹം. ചെന്നൈയില്‍ ഐ.ടി. എന്‍ജിനിയര്‍മാരായ വി. ചിന്നദുരൈയും ശ്വേതയുമാണ് വിവാഹിതരായത്. ശുഭമുഹൂര്‍ത്തം കുറിക്കാതെ ശാന്തമായ സമുദ്രത്തെ കാത്തിരുന്ന ഇരുവരും തിങ്കളാഴ്ച രാവിലെ വിവാഹിതരായി. കടലില്‍ 60 അടി താഴ്ചയിലാണ് വിവാഹം നടന്നത് .
സമുദ്രത്തിനകത്ത് വെച്ച് വിവാഹിതരാകാനുള്ള ഉറച്ച തീരുമാനം ഇരുവരും എടുത്തതോടെ വീട്ടുകാരും ഒപ്പം നില്‍ക്കുക ആയിരുന്നു.തിരുവണ്ണാമലൈ സ്വദേശിയാണ് ചിന്നദുരൈ. കോയമ്ബത്തൂര്‍ സ്വദേശിനിയാണ് വധു ശ്വേത.
വിവാഹം വെള്ളത്തിനടിയില്‍ വച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോള്‍ ജീവന്‍ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവര്‍. ഈ ഭയത്തില്‍നിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു.
കടല്‍ ശാന്തമായപ്പോള്‍ ചെന്നൈയ്ക്കടുത്ത നീലാങ്കര കടല്‍ത്തീരത്തുനിന്ന് നാലര കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ ആഴക്കടലിലെ വിവാഹ വേദിയിലേക്ക് ഊളിയിട്ടത്.
വിവാഹ വസ്ത്രത്തിനുപുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചായിരുന്നു ഇരുവരും കടലിന്റെ അടിത്തട്ടിലേക്ക് യാത്ര ആയത്. വിവാഹത്തിന് തീരദേശ പൊലീസില്‍നിന്ന് അനുമതി വാങ്ങിയിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവര്‍മാരും ഒപ്പമുണ്ടായിരുന്നു.ഇവര്‍ ഇതിനായി പരിശീലനം നേടുകയും സ്‌കൂബ ഡൈവിങ് പഠിക്കുകയും ചെയ്തു.
അംഗീകൃത സ്‌കൂബാ ഡൈവറാണ് ചിന്നദുരൈ. 'ഞങ്ങള്‍ 45 മിനിറ്റ് വെള്ളത്തിനടിയില്‍ ചെലവഴിച്ചു. ഞാന്‍ ശ്വേതയ്ക്ക് പൂച്ചെണ്ട് നല്‍കി. തുടര്‍ന്ന് താലി ചാര്‍ത്തി.' -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പറഞ്ഞു.
ഡൈവിങ് പരിശീലകന്‍ എസ്.ബി. അരവിന്ദ് തരുണ്‍ ശ്രീയാണ് ഇരുവര്‍ക്കും പരിശീലനം നല്‍കിയത്. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
"
https://www.facebook.com/Malayalivartha























