കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്‍; സംഭവം പുറംലോകം അറിഞ്ഞത് സോഷ്യൽമീഡിയയിലൂടെ... കര്‍ണാടകയില്‍ ഒരു ഗ്രാമം അടച്ചുപൂട്ടി

കൊറോണ വ്യാപനത്തിനിടയിലും ജനങ്ങളുടെ കോപ്രായത്തിൽ കലിതുള്ളി അധികൃതർ. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ. കർണാടകയിലെ ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചുപൂട്ടുകയായിരുന്നു. ഗ്രാമത്തിലെ കാട്സിദ്ധേശ്വര്‍ ആശ്രമത്തിലെ കുതിരയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് പേര്‍ എത്തിയത്. വെളളിയാഴ്ച രാത്രി ചത്ത കുതിരയുടെ ശവസംസ്കാര ചടങ്ങുകള്‍ നടന്നത് ശനിയാഴ്ചയായിരുന്നു.
സംസ്കാരചടങ്ങിന് മുന്നോടിയായി നടത്തിയ വിലാപ യാത്രയില്‍ നൂറുകണക്കിന് പേര്‍ അണിചേരുകയായിരുന്നു. ശ്രീ പവദേശ്വര്‍ സ്വാമിയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്കാരചടങ്ങ് നടന്നത്.
സംസ്കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം സീല്‍ വെച്ച അധികൃതര്‍ വ്യാപകമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി ബെലഗാവിയിലെ പോലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിമബാര്‍ഗി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























