കേന്ദ്രം യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് മറച്ചുവയ്ക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കോവിഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യഥാര്‍ത്ഥ കോവിഡ് മരണനിരക്ക് കേന്ദ്രം മറച്ചുവയ്ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ 'ദ പ്രിന്റ്' നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പങ്കുവച്ചായിരുന്നു രാഹുല്‍ ആരോപണമുന്നയിച്ചത്. ആറു സംസ്ഥാനങ്ങളിലായി 15,000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലായി 967 ഗ്രാമീണ നിയമസഭാ മണ്ഡലങ്ങളായിരുന്നു പ്രിന്റ് സര്‍വേക്കായി തിരഞ്ഞെടുത്തത്.
കോവിഡ് മരണങ്ങള്‍ക്ക് ഉത്തരവാദി മോദി സര്‍ക്കാരാണോ സംസ്ഥാന സര്‍ക്കാരാനോ അതോ വിധി മാത്രമാണോ എന്നായിരുന്നു സര്‍വേയിലെ പ്രധാന ചോദ്യം. ഇതില്‍ 42 ശതമാനം പേരും കുറ്റപ്പെടുത്തിയിരിക്കുന്നത് മോദി സര്‍ക്കാരിനെയാണ്. 39 ശതമാനം പേര് വിധിയാണെന്ന് സ്വയം അംഗീകരിക്കുന്നു. 19 ശതമാനം പേര് സംസ്ഥാന സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്നു.
ആളുകളുടെ പ്രതികരണം എടുത്തുകാട്ടിയാണ് പുതിയ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി മോദിയാണെന്ന് ദിവസങ്ങള്‍ക്ക് മുന്‍പും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. എല്ലാവിധ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും മോദി സര്‍ക്കാര്‍ പ്രതിച്ഛായ നിര്‍മാണത്തില്‍ വ്യാപൃതരായിരുന്നുവെന്നും കോവിഡിനെ ചെറുക്കാന്‍ മുന്നൊരുക്കമൊന്നും ചെയ്തില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha