പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യ ദ്രോഹമല്ലെന്ന് സുപ്രീംകോടതി; വിനോദ് ദുവക്കെതിരായ കേസ് റദ്ദാക്കി; മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ്യ ദ്രോഹകേസില് നിന്ന് സംരക്ഷണം വേണമെന്നും കോടതി

മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കേസ് റദ്ദാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹകേസില്‍ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.
പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ 2020ല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപത്തെ കുറിച്ച് വിനോദ് ദുവ തയാറാക്കിയ റിപ്പോര്‍ട്ടായിരുന്നു കേസിനാസ്പദം. മോദി തെരഞ്ഞെടുപ്പ് ജയിക്കാന്‍ മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നുവെന്നായിരുന്നു കലാപ റിപ്പോര്‍ട്ടിങ്ങിനിടെ ദുവ പറഞ്ഞത്.
ഇത് പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാറിനെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് അജയ് ശ്യാമാണ് പരാതിപ്പെട്ടത്. തുര്‍ന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പൊതുശല്യം, അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍, തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഇവ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് യു.യു. ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞു.
1962ലെ ഉത്തരവ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്കപ്പെടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ കേദാര്‍ സിങ് കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു നിര്‍ദേശം. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്‍റെ പരിധിയില്‍ വരികയെന്നത് കേദാര്‍ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ, ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനല്‍ അനുമതി നല്‍കിയില്ലെങ്കില്‍ 10 വര്‍ഷത്തെ പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദുവയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.
https://www.facebook.com/Malayalivartha
























