മയക്കുമരുന്ന് കടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍...

മയക്കുമരുന്ന് കടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. പൊള്ളാച്ചി നല്ലൂര്‍ മുരുകനിലയം വീട്ടില്‍ നാഗപ്പനെ (44)യാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ കേസിലാണ് അറസ്റ്റ്. പാലക്കാട് കാണാതായ യുവാവിനുവേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് കൊറിയര്‍ വഴി മയക്കുമരുന്നു ഗുളിക എത്തുന്നത് പോലീസ് കണ്ടെത്തിയത്. പാലക്കാട് കാടാംകോട് കരിങ്കരപ്പുള്ളി എ.കെ.ജി. നഗറില്‍ ഹക്കീ(21)മിനെ കാണാനില്ലെന്ന് പോലീസിനു പരാതി ലഭിച്ചിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ കൊറിയര്‍ വാങ്ങാനെത്തിയ ഹക്കീമിനെ പോലീസ് പിടികൂടി. ഹക്കീമിനു കൊറിയറില്‍ വന്ന പാഴ്സല്‍ പരിശോധിച്ചപ്പോള്‍ 200 നൈട്രോസണ്‍ ഗുളിക കണ്ടെത്തി.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് പൊള്ളാച്ചിയില്‍നിന്ന് അയച്ച നാഗപ്പനെ അറസ്റ്റ് ചെയ്തത്.
നാഗപ്പന്റെ ഭാര്യ പൊള്ളാച്ചിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട്. ഇതിന്റെ മറവിലാണ് നാഗപ്പന്‍ മയക്കുമരുന്ന് ഗുളിക സംഘടിപ്പിച്ച് കൊറിയര്‍ സര്‍വീസ് വഴി വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.
"
https://www.facebook.com/Malayalivartha