4 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ 32കാരി

രണ്ടു വര്‍ഷത്തിനിടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പൂനം എന്ന 32കാരിയുടെ കഥ വിചിത്രവും ഞെട്ടിക്കുന്നതുമാണ്. ഹരിയാണയിലാണ് ഈ ക്രൂരകൃത്യങ്ങള്‍ അരങ്ങേറിയത്. സ്വന്തം മകനടക്കം നാലുപേരെയാണ് തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണം പറഞ്ഞ് ഇവര്‍ ഇല്ലാതാക്കിയത്. കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് പൂനം എന്ന 32കാരി.
2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് പൂനം ഈ കൊലപാതകങ്ങള്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് വയസ്സുകാരനായ സ്വന്തം മകനും മറ്റ് മൂന്ന് ബന്ധുക്കളുടെ പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. കുടുംബത്തിലെ പെണ്‍കുട്ടികളുടെ സൗന്ദര്യത്തില്‍ അസൂയ പൂണ്ട യുവതി, 'എന്നെക്കാള്‍ സൗന്ദര്യമുള്ള ആരും കുടുംബത്തില്‍ വേണ്ട' എന്ന ചിന്താഗതിയെ തുടര്‍ന്നാണ് ഈ ക്രൂരതകള്‍ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത ആദ്യ മൂന്ന് കൊലപാതകങ്ങളും യുവതിക്ക് വിദഗ്ധമായി മറച്ചുവെക്കാനായി.
കൊലപാതക പരമ്പരയുടെ തുടക്കം 2023ലായിരുന്നു. ബന്ധുവായ ഒന്‍പതുവയസ്സുകാരിയെയാണ് ആദ്യം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. മരണത്തില്‍ സംശയം തോന്നാതിരിക്കാന്‍, ഇതേ രീതിയില്‍ സ്വന്തം മൂന്ന് വയസ്സുള്ള മകനെയും യുവതി കൊന്നു. ഇത് അപകടമരണമായി ചിത്രീകരിച്ചു. തുടര്‍ന്ന് 2025 ഓഗസ്റ്റില്‍ സെവാഹ് ഗ്രാമത്തിലെ ബന്ധുവായ ആറുവയസ്സുകാരിയെ സമാനരീതിയില്‍ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. ഈ മൂന്ന് കൊലപാതകങ്ങളും മുങ്ങിമരണമായി കണക്കാക്കപ്പെട്ടു.
ഡിസംബര്‍ ഒന്നിന് നടന്ന നാലാമത്തെ കൊലപാതകമാണ് പൂനത്തിന്റെ ക്രൂരതകള്‍ പുറംലോകത്തെത്തിച്ചത്. ബന്ധുവീട്ടിലെ ഒരു വിവാഹച്ചടങ്ങിനിടെയാണ് ആറു വയസ്സുകാരിയായ വിദിയെ പൂനം വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം ഉയര്‍ന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ പൂനം വാട്ടര്‍ ടബ്ബിന് സമീപത്തേക്ക് വന്നതായി സ്ഥിരീകരിച്ചു.
വിവാഹാഘോഷങ്ങള്‍ക്കിടെ യുവതി പെട്ടെന്ന് അപ്രത്യക്ഷയായതായി ബന്ധുക്കളുടെ മൊഴിയും നിര്‍ണായകമായി. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുന്‍പ് നടന്ന മൂന്ന് കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്. പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ വിശേഷിപ്പിച്ചത് ഒരു 'സൈക്കോപാത്ത്' എന്നാണ്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഓരോ കൊലപാതകവും യുവതി നടപ്പാക്കിയത്. ഓരോ കൊലപാതകത്തിന് ശേഷവും പൂനം സ്വകാര്യമായി ഇത് ആഘോഷിക്കുകയും താന്‍ ചെയ്ത ക്രൂരതയില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാല് കുട്ടികളെ കൊലപ്പെടുത്തിയിട്ടും യാതൊരു പശ്ചാത്താപവുമില്ലാതെ യുവതി പതിവുപോലെയാണ് പെരുമാറിയിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























