യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ

വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ. ജീവനക്കാരുടെ ക്ഷാമമാണ് വിമാനങ്ങള്‍ റദ്ദാക്കുന്നതിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്. ഡല്‍ഹി, മുംബയ്, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.
ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 30ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെയാണ് റദ്ദാക്കിയത്. ഹൈദരാബാദിലും ഏകദേശം 33 വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് 73 ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതായി ബംഗളൂരു വിമാനത്താവളം അറിയിച്ചു. മുബയ് വിമാനത്താവളത്തിലും നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പ്രതിദിനം 2,200 വിമാന യാത്രകള്‍ നടത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന എയര്‍ലൈനാണ് ഇന്‍ഡിഗോ. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞതായി സമ്മതിച്ച ഇന്‍ഡിഗോ യത്രക്കാര്‍ക്ക് നേരിട്ട തടസത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
'ചെറിയ സാങ്കേതിക തകരാറുകള്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനത്തിലെ വര്‍ദ്ധിച്ച തിരക്ക്, പുതുക്കിയ ക്രൂ റോസ്റ്ററിംഗ് നിയമങ്ങള്‍ (ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധികള്‍) നടപ്പിലാക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി അപ്രതീക്ഷിത വെല്ലുവിളികള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു' എയര്‍ലൈന്‍ ബുധനാഴ്ച പ്രസ്താവന നടത്തി. അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്ന് എയര്‍ലൈന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈന്‍ ഉദ്യോഗസ്ഥരുമായി ഇന്ന് യോഗം നടത്തും.
https://www.facebook.com/Malayalivartha


























