പ്ലാസറ്റിക് നിയന്ത്രണ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.... ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് അടുത്ത വര്‍ഷത്തോടെ നിരോധനം....

പ്ലാസറ്റിക് നിയന്ത്രണ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാമഗ്രികള്‍ നിരോധിച്ചുകൊണ്ട് പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനമിറക്കി.
'പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്മെന്റ് (ഭേദഗതി) ചട്ടം 2021' പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ 2022-ഓടെ നിരോധിക്കും.
ഈ വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക് ഗുരുതര പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.അടുത്തവര്‍ഷം ജൂലായ് ഒന്നുമുതല്‍ പോളിസ്റ്ററീന്‍, എക്സ്പാന്‍ഡഡ് പോളിസ്റ്ററീന്‍ അടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം, ഇറക്കുമതി, ശേഖരിച്ചുവെക്കല്‍, വിതരണം, വില്‍പ്പന എന്നിവ അനുവദിക്കില്ല.
പ്ലാസ്റ്റിക് തണ്ടോടുകൂടിയ ഇയര്‍ ബഡ്സ്, ബലൂണുകളുടെ തണ്ടുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മിഠായിത്തണ്ടുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്ററീന്‍ (തെര്‍മോകോള്‍). പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കത്തി, സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രോ, ട്രേകള്‍, പൊതിയാന്‍ ഉപയോഗിക്കുന്ന ഫിലിമുകള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റ്, 100 മൈക്രോണില്‍ കുറവ് കട്ടിയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പി.വി.സി. ബാനറുകള്‍, ചരടുകള്‍.
2021 സെപ്റ്റംബര്‍ 30 മുതല്‍ പ്ലാസ്റ്റിക് കാരിബാഗുകളുടെ കട്ടി 50 മൈക്രോണില്‍നിന്ന് 75 മൈക്രോണാക്കി ഉയര്‍ത്തും. 2022 ഡിസംബര്‍ 31 മുതല്‍ ഇവയുടെ കട്ടി 120 മൈക്രോണ്‍ ആയിരിക്കണം. കട്ടി കൂടിയവയുടെ പുനരുപയോഗം അനുവദിക്കും.
മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനം സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിശ്ചയിക്കാനും അവയുടെ ഉപയോഗം ഇല്ലാതാക്കാനും സംസ്ഥാനങ്ങള്‍ ദൗത്യസംഘം രൂപവത്കരിക്കണം.
https://www.facebook.com/Malayalivartha