പാകിസ്ഥാന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ വിലക്ക്

കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ ദേശീയ പതാകകളും ഉല്‍പ്പന്നങ്ങളും ഇനിമുതല്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്ക്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സ് അകൗണ്ടിലൂടെയാണ് നിരോധന കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ദേശീയ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട്, യുബു ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം ഉല്‍പ്പന്നങ്ങള്‍ ഉടനടി പിന്‍വലിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. പാകിസ്ഥാനുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ഉടനെ നീക്കം ചെയ്യണമെന്നും, രാജ്യത്തെ ദേശീയ നിയമങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പാകിസ്ഥാന്‍ പതാകകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് CAIT (കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്) കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിനും പ്രഹ്ലാദ് ജോഷിക്കും കത്ത് അയച്ചതിനെ തുടര്‍ന്നാണ് നടപടി.
പാക് പതാകകള്‍, ലോഗോ പതിച്ച മഗ്ഗുകള്‍, ടി-ഷര്‍ട്ടുകള്‍ എന്നിവയാണ് പരസ്യമായി വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. സിഎഐടിയുടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ പ്രസിഡന്റ് ബിസി ഭാര്‍തിയ മന്ത്രി ഗോയലിന് എഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സായുധ സേനയുടെ അന്തസ്സിനെയും, ഇന്ത്യയുടെ പരമാധികാരത്തെയും, രാജ്യസ്‌നേഹിയായ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha