പാക് ഭീകരത ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ മോദി സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഭീകരതയെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നയിക്കും. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചു. യു.എസ്,യു.കെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘം പര്യടനം നടത്തുക. കേന്ദ്ര അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയ്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെത്താനാണ് സര്‍ക്കാരിന്റെ നീക്കം
ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാദ്ധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തും.
ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ താത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നിലപാടിനെയാണ് എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചതായും ജയറാം രമേഷ് വ്യക്തമാക്കി. ഏപ്രില്‍ 22ന് കാശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും കൊലപ്പെടുത്തി.
https://www.facebook.com/Malayalivartha