സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ടി.എസ്. ഠാക്കൂര്‍ അധികാരമേറ്റു

ഇന്ത്യയുടെ നാല്‍പത്തിമൂന്നാമത് ചീഫ് ജസ്റ്റീസായി ടി.എസ്. ഠാക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11നു രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു വിരമിക്കുന്ന ഒഴിവിലേക്കാണ് ഠാക്കൂര്‍ അധികാരമേറ്റത്. 2017 ജനുവരി മൂന്ന് വരെ ഒരു വര്‍ഷവും ഒരു മാസവുമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി.
ജമ്മുകാശ്മീര്‍ ഹൈക്കോടതി മുന്‍ ജഡ്ജും മന്ത്രിയുമായിരുന്ന ഡി.ഡി. ഠാക്കൂറിന്റെ മകനായി 1952 ജനുവരി നാലിനാണു ടി.എസ്. ഠാക്കൂര്‍ ജനിച്ചത്. 1972ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1995ല്‍ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി. 2004ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും 2008ല്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായി. 2009 നവംബറിലാണു ഠാക്കൂര്‍ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ടി.എസ്. ഠാക്കൂര്‍ ഐപിഎല്‍ വാതുവയ്പ് ഉള്‍പ്പെടെ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച വിരമിച്ച ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിനു സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ യാത്രയയ്പ്പ് നല്‍കിയിരുന്നു. അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകുമെന്നാണ് സൂചന. സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























