ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...

ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലൈംഗിക പീഡനം ഉള്‍പ്പെടെ വിശദീകരിച്ച് രണ്ട് താരങ്ങള്‍ പൊലീസില്‍ ഏപ്രില്‍ 21ന് നല്‍കിയ പരാതിയിലെ വിവരങ്ങളാണ് പുറത്തായത്.
ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന പേരില്‍ ലൈംഗിക താത്പര്യത്തോടെ നെഞ്ചില്‍ പരിശോധിച്ചെന്ന് പരാതികളില്‍ പറയുന്നു. അഞ്ച് പ്രാവശ്യം തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി ഒരുപരാതിയിലുണ്ട്. 2016ലെയും 2019ലെയും ടൂര്‍ണമെന്റുകള്‍ക്കിടയില്‍ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അതിക്രമം. ബ്രിജ്ഭൂഷണ്‍ ടേബിളിലിരിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം മാറിടത്തിലും വയറിലും സ്പര്‍ശിക്കുകയായിരുന്നു. തനിക്ക് ഭക്ഷണം കഴിക്കാനോ പിന്നീട് ഉറങ്ങാനോ കഴിഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു.ഡല്‍ഹി 21 അശോക റോഡിലുള്ള എം.പി വസതിയില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു.
അനുമതി ഇല്ലാതെ ചുമലിലും തുടയിലും പിടിച്ചു. 2018ല്‍ ടൂര്‍ണമെന്റിനിടെ ഏറെനേരം കെട്ടിപ്പിടിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പരിശീലനത്തിനിടെയായിരുന്നു മോശം അനുഭവമുണ്ടായതെന്ന് അടുത്ത പരാതിയില്‍ പറയുന്നു. പരിശീലനത്തിനിടെ ബ്രിജ് ഭൂഷണ്‍ താരത്തിന്റെ ജഴ്‌സി പൊക്കുകയും ശ്വാസോച്ഛ്വാസ പരിശോധനയുടെ പേരില്‍ മാറിടത്തിലും വയറിലും സ്പര്‍ശിക്കുകയും ചെയ്തു. വസതിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പറയുന്നു.
അതേസമയം പോക്‌സോ കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ്ഭൂഷണിനെ ചോദ്യം ചെയ്യാന്‍ പോലും ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. മുഴുവന്‍ പരാതിക്കാരുടെ മൊഴിയും ഈയാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകും വരെ താരങ്ങള്‍ ക്ഷമിക്കണമെന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടത്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും, ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























