ആംബുലൻസിനു പണം കൊടുക്കാനില്ലാത്തതിനാൽ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്തു... ബംഗാളിലെ സിലിഗുഡിയിൽനിന്ന് ഉത്തർദിനാജ്പുരിലെ കാളിഗഞ്ച് വരെയാണു മകന്റെ മൃതദേഹവുമായി ആഷിം ദേബ്ശർമ യാത്രചെയ്തത്. ...

ആംബുലൻസിനു പണം കൊടുക്കാനില്ലാത്തതിനാൽ 5 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്തു. ബംഗാളിലെ സിലിഗുഡിയിൽനിന്ന് ഉത്തർദിനാജ്പുരിലെ കാളിഗഞ്ച് വരെയാണു മകന്റെ മൃതദേഹവുമായി ആഷിം ദേബ്ശർമ യാത്രചെയ്തത്. ബസിൽനിന്ന് ഇറക്കിവിടുമെന്ന ഭയത്താൽ ബാഗിനുള്ളിലുള്ളതു മൃതദേഹമാണെന്ന് ആരോടും പറഞ്ഞില്ല.
സിലിഗുഡിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ആഷിമിന്റെ മകൻ. ചികിത്സയ്ക്കായി 16,000 രൂപ ചെലവഴിച്ചു. കുട്ടി മരിച്ചതിനെത്തുടർന്നു മൃതദേഹം ആംബുലൻസിൽ എത്തിക്കാൻ 8,000 രൂപയാണു വാടകയായി ചോദിച്ചത്. രോഗികളെ മാത്രമേ സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുള്ളൂ എന്നു സർക്കാർ ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി ആഷിം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ ജൽപായ്ഗുഡിയിൽ ആംബുലൻസിനു പണമില്ലാതെ ഒരാൾ അമ്മയുടെ മൃതദേഹം തോളിലേറ്റി വീട്ടിലേക്കു നടന്നിരുന്നു. സംഭവം വാർത്തയായതോടെ സന്നദ്ധസംഘടന ഇടപെട്ട് ആംബുലൻസിൽ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























