മോഷ്ടിക്കാന്‍ ഒപ്പം കേറിയ ആള്‍ കള്ളുകുടിച്ച് കട്ടിലില്‍ കിടന്നുറങ്ങി... സഹമോഷ്ടാവ് 8 ലക്ഷം രൂപയുടെ സാധനങ്ങളുമായി മുങ്ങി

മോഷ്ടിക്കാന്‍ ഒപ്പം കേറിയ ആള്‍ കള്ളുകുടിച്ച് കട്ടിലില്‍
കിടന്നുറങ്ങിയപ്പോള്‍ സഹമോഷ്ടാവ് 8 ലക്ഷം രൂപയുടെ സാധനങ്ങളുമായി മുങ്ങി. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് വിചിത്ര സംഭവം നടന്നത്. പുറത്തുപോയി തിരികെവന്ന കുടുംബാംഗങ്ങള്‍ കിടപ്പുമുറിയില്‍ ഉറങ്ങുന്നയാളെ കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് വീട്ടുകാര്‍ പുറത്തുപോയിരുന്നത്.
തിരികെവന്നപ്പോള്‍ ഒരാള്‍ കിടപ്പുമുറിയില്‍ കിടന്നുറങ്ങുന്നതായി കണ്ടെത്തി. അയാള്‍ക്കരികെ മദ്യക്കുപ്പികള്‍ ചിതറിക്കിടന്നിരുന്നു. വീടാകെ അലങ്കോലമായിരുന്നു. 8 ലക്ഷം രൂപ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടതായും ഇവര്‍ കണ്ടെത്തി. തുടര്‍ന്ന് മുന്‍ സൈനികന്‍ കൂടിയായ ഗൃഹനാഥന്‍ ശര്‍വാനന്ദ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിചിത്രമായ ഒരു മോഷണക്കഥ ചുരുളഴിയുകയായിരുന്നു.
തന്നോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്ന് പ്രതി പൊലീസിനു മൊഴിനല്‍കി. തങ്ങള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മോഷണം തുടങ്ങി. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മദ്യം കഴിയ്ക്കാന്‍ സുഹൃത്ത് തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ താന്‍ ഉറങ്ങിപ്പോയി എന്നും ഇയാള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ആള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 100 ഗ്രാമിലധികം സ്വര്‍ണം, 2 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങള്‍, 50,000 രൂപ വിലവരുന്ന 40 സാരികള്‍, 6 ലക്ഷം രൂപ എന്നിവകളാണ് വീട്ടില്‍ നിന്ന് മോഷണം പോയത്.
https://www.facebook.com/Malayalivartha























