ഒഡീഷയിലെ ട്രെയിന്‍ ദുരന്തം... സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെത്തി
ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെത്തി. ഇന്നലെ രാത്രി 7.20ന് ബാലസോറിലെ ബഹനാഗ ബസാര്‍ സ്‌റ്റേഷന് സമീപമാണ് ദുരന്തം. കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡില്‍ എക്‌സ്പ്രസ് ആണ് ആദ്യം അപകടത്തില്‍ പെട്ടത്.
ഇത് ഗുഡ്‌സുമായി കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം ഉള്‍പ്പെടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയും അടിയന്തരയോഗം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അപകട സ്ഥലത്തേക്ക് എത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഭവസ്ഥലത്തുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് സൂചന.
ആദ്യം അപകടത്തില്‍ പെട്ട ട്രെയിനിന്റെ ബോഗികള്‍ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഹൗറ എക്‌സ്പ്രസില്‍ 1300 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. സര്‍ക്കാരിന്റെ ഔദ്യോഗിക വിവര പ്രകാരം 261 പേര്‍ മരിക്കുകയും 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഷാലിമാര്‍ എക്‌സ്പ്രസിന്റെ 17 ബോഗികളാണ് പാളംതെറ്റിയത്. നാല് ബോഗികള്‍ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. നാല് ബോഗികള്‍ ദൂരേക്ക് തെറിച്ചുപോയി. സിഗ്‌നല്‍ തകരാറാണ് അപകട കാരണമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന മാദ്ധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്രവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
കൊറോമണ്ഡില്‍ എക്‌സ്പ്രസ് പശ്ചിമ ബംഗാളിലെ ഷാലിമാര്‍ സ്‌റ്റേഷനില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30നാണ് പുറപ്പെട്ടത്. ഇന്ന് വൈകിട്ട് 4.50ന് ചെന്നൈയില്‍ എത്തേണ്ട ട്രെയിനാണിത്. മരിച്ചവരിലധികവും ഈ ട്രെയിനിലെ യാത്രക്കാരാണെന്നാണ് വിവരം.
ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു സ്ഥിതി വിലയിരുത്തി. തുടര്‍ന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ എത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്
ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നടുക്കം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha