വിവാഹ നിശ്ചയ പാർട്ടിയ്ക്കിടെ ചോറ് തീരും മുമ്പ് പായസം വിളമ്പിയതിനെ ചൊല്ലി തർക്കം: വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം എറിഞ്ഞു: തൊട്ട് പിന്നാലെ കൂട്ടയടി....

പായസത്തിന് രുചി പോരെന്ന പേരിൽ വിവാഹ നിശ്ചയ ചടങ്ങിനിടെ കൂട്ടയടി. നാളുകൾക്ക് മുമ്പാണ് പപ്പടത്തിന്റെ പേരിൽ കല്യാണ സദ്യക്കിടെകേരളത്തിൽ കൂട്ടത്തല്ല് നടന്നത്. സമാനമായ സംഭവമാണ് തമിഴ്‍നാട്ടിലെ മയിലാടുതുറൈ സീർകാഴി സൗത്തിലും നടന്നത്. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. തമ്മിലടി റോഡിലേയ്ക്കും നീണ്ടതോടെ പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടു. സീർകാഴി രഥ റോഡിലുള്ള ഒരു വിവാഹമണ്ഡപത്തിൽ വച്ചാണ് നിശ്ചയം നടന്നത്.
ചടങ്ങിന് ശേഷം സദ്യ വിളമ്പിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിർ അഭിപ്രായം പറഞ്ഞു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികൾ ചേർന്ന് തർക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു.
അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. ഇതിനിടെ വരന്റെ വീട്ടുകാർക്ക് നേരെ സാമ്പാർ ഒഴിച്ചതായും പറയുന്നു. ഭക്ഷണശാലയിലെ മേശയും കസേരയും അടിച്ചുപൊട്ടിച്ച് ഓഡിറ്റോറിയത്തിന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.
റോഡിലേയ്ക്കിറങ്ങി തമ്മിൽ തല്ലാൻ തുടങ്ങിയതിന് പിന്നാലെ സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. തമ്മിലടിയുടെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുഭാഗത്തും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























