ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്ന് യുവതി... ഭര്‍ത്താവിനെതിരെ യുവതി നല്‍കിയത് വ്യാജ ബലാത്സംഗ പരാതിയെന്ന് കോടതി

തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടന്നതെന്നും ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നും പറഞ്ഞ് യുവതി നല്‍കിയത് വ്യാജ ബലാത്സംഗ പരാതിയെന്ന് കര്‍ണാടക ഹൈക്കോടതി. പിന്നാലെ കേസിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്തു. യുവതി നിയമം ദുരുപയോഗം ചെയ്തതായി നീരീക്ഷിച്ചതിന് പിന്നാലെയായിരുന്നു നടപടി. യുവാവിനെയും കുടുംബത്തെയും അനാവശ്യമായി കേസിലേയ്ക്ക് വലിച്ചിഴയ്ക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണുണ്ടായതെന്ന് കോടതി നോക്കിക്കണ്ടു. തുടര്‍ന്ന് ഇടക്കാല സ്‌റ്റേ അനുവദിക്കുകയായിരുന്നു.
തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടന്നതെന്നും ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി. വിവാഹദിനം മദ്യലഹരിയിലായതിനാല്‍ ഇരുവരും തമ്മിലുണ്ടായ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കണമെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റാരോപിതനായ യുവാവ് തന്റെ ഭാഗം വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പരാതിക്കാരിയുമായി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചതെന്ന വാദം തെറ്റാണെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു.
വിവാഹത്തിന് മുന്‍പ് പരാതിക്കാരിയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും വാട്ട്‌സാപ്പ് വഴി വീണ്ടും ഈ ബന്ധം തുടര്‍ന്നതാണ് പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചതെന്നുമാണ് യുവാവ് അറിയിച്ചത്. വിവാഹേതര ബന്ധം ചോദ്യം ചെയ്തതോടെ ഭാര്യ പിണങ്ങി വീട് വിട്ട് പോയതായും ഒരു മാസത്തോളം യാതൊരു തരത്തിലും ബന്ധപ്പെടാനായില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. പിന്നാലെയാണ് ബലാത്സംഗക്കുറ്റം അടക്കം ആരോപിച്ച് പരാതി ഫയല്‍ ചെയ്തത്.
യുവാവുമായി വിവാഹശേഷം കുറച്ചുദിവസം മാത്രം താമസിച്ച യുവതി ബലാത്സംഗക്കുറ്റം ആരോപിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും കേസിലെ അന്വേഷണം നിര്‍ത്തിവെയ്ക്കാനും കോടതി ഇതോടെ നിര്‍ദേശിച്ചു. നിയമം ദുരുപയോഗം ചെയ്യുന്നതില്‍ വലിയൊരു ഉദാഹരണമാണ് കേസെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha
























