സംഹാരതാണ്ഡവമാടി ബിപോർജോയ്, ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം, കനത്ത മഴയിലും കാറ്റിലും വൈദ്യുതി തൂണുകളും മരങ്ങളും കടപുഴകി വീണ് 22 പേർക്ക് പരിക്ക്, ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ

ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അർധാരാത്രിയോടെ ചുഴലിക്കാറ്റിന്‍റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു.
115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശിയത്. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. ജഖാവു തുറമുഖത്തിന് സമീപം രാത്രി എട്ടോടെയാണ് തീവ്ര ചുഴലിക്കാറ്റായി കര കയറിയത്.
സംസ്ഥാനത്ത് കനത്ത കാറ്റില്‍ 524 മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടമുണ്ടായി. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. കനത്ത മഴയിലും കാറ്റിലും വൈദ്യുതി തൂണുകളും മരങ്ങളും കടപുഴകി വീണ് 22 പേർക്ക് പരിക്കേറ്റതായി ദുരിതാശ്വാസ കമ്മീഷണർ അറിയിച്ചു. കച്ച്, ജുനഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായി.
മുന്‍കരുതലിന്റെ ഭാഗമായി കാറ്റിന്റെ സഞ്ചാര പാതയില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ബിപാർജോയ് ചുഴലിക്കാറ്റിന്റെ തീവ്രത 'വളരെ തീവ്രമായ' വിഭാഗത്തിൽ നിന്ന് 'തീവ്ര'മായി കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
നിലവിൽ ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കൻ പാകിസ്ഥാൻ വഴി രാജസ്ഥാനിലെ ബാർമറിലേക്ക് എത്തും. ചുഴലിക്കാറ്റ് ഇപ്പോൾ കടലിൽ നിന്ന് കരയിലേക്ക് നീങ്ങി സൗരാഷ്ട്ര-കച്ചിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും രാജസ്ഥാനിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി ഡയറക്ടർ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
കച്ച് ജില്ലയില്‍നിന്നു മാത്രം 46,800 പേരെയാണ് ഒഴിപ്പിച്ചത്. ഗുജറാത്തിന്റെ തീര മേഖലയിലെ 8 ജില്ലകളിലെ 120 ഗ്രാമങ്ങളിലാണ് കാറ്റ് കനത്ത നാശമുണ്ടാക്കിയത്. കച്ച്, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, മോര്‍ബി ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതലായി ബാധിച്ചത്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി.
സംസ്ഥാനത്ത് ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുകൾ പുറത്ത്. മോർബിയിൽ വൈദ്യുത പോസ്റ്റുകളും കമ്പികളും തകർന്നു. പോർബന്തറിൽ വ്യാപക നാശനഷ്ടം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണിട്ടുണ്ട്. അഹമ്മദാബാദിൽ ഒമ്പത് സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളിൽ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, അടിയന്തര സാഹചര്യം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും സര്‍വസജ്ജമായിരുന്നു. ഭക്ഷണവും മരുന്നുമായി നാവികസേന കപ്പലുകള്‍ ഒരുക്കി, 15 കപ്പലുകളും ഏഴ് എയര്‍ക്രാഫ്റ്റുകളും സജ്ജമാക്കി. 23 എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുജറാത്തിന്റെ തീര മേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തി.
നവസാരി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബിപോര്‍ജോയ് കനത്ത നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്ഥാനും സിന്ധ് പ്രവിശ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്കിയിരുന്നു. ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha























