കേന്ദ്രം ഭരിക്കുന്നത് ഏത് പുലിയും പുപ്പുലിയുമാണെങ്കിലും കളി തമിഴരോട് വേണ്ട...! സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ലെന്ന് പറയാനോണം കരുത്തനായോ സ്റ്റാലിൻ...!!

ഇതാണ് രാഷ്ട്രീയ ആണത്തം. കേന്ദ്രം ഭരിക്കുന്നത് ഏത് പുലിയും പുപ്പുലിയുമാണെങ്കിലും കളി തമിഴരോടു വേണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വെല്ലുവിളി ശബ്ദത്തിൽ പറഞ്ഞിരിക്കുന്നു. തെക്കേ ഇന്ത്യയുടെ ഇങ്ങേക്കോണിലിരുന്ന് കരുണാധിയുടെ മകൻ സ്റ്റാലിൻ മുന്നറിയിപ്പു നൽകിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തന്നെയാണ്.
മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് അകത്താക്കിയതിനൊപ്പം തമിഴ് നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ വിഴുങ്ങാനുള്ള നീക്കത്തിലാണ് ബിജെപിയെന്ന തിരിച്ചറിൽതന്നെയാണ് സ്റ്റാലിൻ നരേന്ദ്ര മോദിയെ വെല്ലുവിളിച്ചിരിക്കുന്ത്. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്ന് പറയാനോണം ആണായിരിക്കുന്നു എംകെ സ്റ്റാലിൻ. കളിച്ചു കളിച്ച് ചെന്നൈയിൽ കയറി കളി വേണ്ടെന്നും അടിച്ചു നിരപ്പാക്കാൻ തനിക്കിന്നും കരുത്തുണ്ടെന്നും സ്റ്റാലിൻ വ്യക്തമായി പറഞ്ഞുകഴിഞ്ഞു.
സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തിറങ്ങിയിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റിനെയും ബി.ജെ.പിയേയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ തിരിച്ചടിച്ചാൽ ബി.ജെ.പിക്ക് താങ്ങാനാവില്ലെന്നും ഇത് ഭീഷണിയല്ല മറിച്ച് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നത് ബിജെപിയുടെ ഒരു ഉപകരണം മാത്രമാണെന്നും ഇഡി എന്ന പേരിൽ രാജ്യമെങ്ങും പ്രതിയോഗികളെ മെരുക്കുന്ന പണിയാണ് ഇവർ ചെയ്യുന്നതെന്നും സ്റ്റാലിൻ പറഞ്ഞുകഴിഞ്ഞു.കേരളത്തിലെന്നല്ല മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഇത്ര തന്റേടത്തോടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേർക്കുനേർ നിന്ന് രാഷ്ട്രീയം പറയാൻ ഡി.എം.കെ തയാറാണ്. ഭീഷണിപ്പെടുത്തി ഞങ്ങളെ അനുസരിപ്പിക്കാനാവില്ല.
അതിനാണ് ശ്രമിക്കുന്നതെങ്കിൽ നിവർന്ന് തന്നെ നിൽക്കുമെന്നും സ്റ്റാലിൻ പറഞ്ഞതോടെ ബിജെപിക്കു പറയാൻ വാക്കുകളില്ലാതായി. എഐഎഡികെ ഭരണകാലത്ത് ജയലളിതയുമായി സഖ്യം ചേർന്ന് പതിയെപ്പിതിയെ ബിജെപി തമിഴ് നാട്ടിൽ വേരോടിച്ചുവരികയായിരുന്നു. അവിടെ സ്റ്റാലിൻ കളം നിറഞ്ഞുപിടിച്ചതോടെ ഡിഎംകെ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു. മാത്രമല്ല നിയമഭയിലോ ലോക്‌സഭയിലോ സീറ്റ് നേടാനുള്ള ഒരു സാധ്യതയും അടുത്ത കാലത്തൊന്നും ബിജെപിക്കില്ലെന്നും വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഡിഎംകെയുടെ മന്ത്രിമാരെയും നേതാക്കളെയും മെരുക്കി അകത്താക്കാൻ ഇഡിയെ ബിജെപി കരുവാക്കിയിരിക്കുന്നത്.
സെന്തിലിനെതിരെയുള്ള രാഷ്ട്രീയ പകയാണ് അറസ്റ്റിനു പിന്നിലുള്ളത്. പത്ത് വർഷം മുമ്പുള്ള കേസ് വീണ്ടും കുത്തിപ്പൊക്കി അദ്ദേഹത്തെ തടവിലാക്കി മാനസിക സമ്മർദത്തിലാക്കുകയാണ്. അഞ്ച് തവണ എംഎൽഎ പദവി വഹിച്ചിട്ടുള്ള സെന്തിലിനെ ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്? കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദീകരണവും നൽകാൻ തയാറാണെന്ന് സെന്തിൽ ഇഡി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ഒരാളെയും കാണാൻ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവിൽ വച്ചത്.
ബിജെപിയുടെ രാഷ്ട്രീയം ജനവിരുദ്ധമാണെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിജെപിയെ രൂക്ഷമായി വിമർശിച്ച് സ്റ്റാലിൻ രംഗത്തെത്തിയത്. അധികാരത്തിന് വേണ്ടി മാത്രം പാർട്ടി നടത്തുന്നവരല്ല തങ്ങളെന്നും ഡിഎംകെയുടെ പോരാട്ട വീര്യം ഡൽഹിക്കാരോട് ചോദിച്ചാൽ മനസിലാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായ സെന്തിൽ കേന്ദ്ര സർക്കാരുമായി എക്കാലവും പോരടിക്കുന്നു നേതാവാണ്.
തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രിയായ വി സെന്തിൽ ബാലാജിയെ ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്.
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ് നാട്ടിലെന്നു മാത്രമല്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാൻ സാഹചര്യമില്ല. ഈ നിലയിലാണ് ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഇഡിയെ ഇറക്കിയുള്ള ബിജെപയുടെ കളിയെന്നാണ് ഡിഎംകെയുടെ വിമർശനം.
പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തിൽ ബാലാജി. മാത്രവുമല്ല കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് എഡിഎംകെ വിട്ട് ഡിഎംകെയുടെ മുൻനിര പോരാളിയായി മാറിയ ബാലാജി. നിലവിൽ കോയമ്പത്തൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ബാലാജി ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി കൊമ്പുകോർത്ത് വാർത്തകളിൽ നിറഞ്ഞ ചരിത്രവുമുണ്ട്.
ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന ബാലാജി ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്ന് പണം കൈപ്പറ്റിയതായാണ് ആരോപണം. ബാലാജിക്കെതിരെ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവർക്കുമെതിരെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ഇപ്പോഴത്തെ നീക്കം തമിഴ് നാട്ടിൽ ബിജെപിക്ക് നേട്ടമാകാൻ സാധ്യതയൊന്നുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha























