ജുവനൈല്‍ ജസ്റ്റിസ് ബില്‍ പാസായി; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകും

ജുവനൈല്‍ ജസ്റ്റിസ് ബില്‍ രാജ്യസഭ പാസാക്കി. പതിനാറു വയസിനു മുകളിലുള്ള കൗമാരക്കാര്‍ കഠിനമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായവരായി കണക്കാക്കി വിചാരണ ചെയ്യാന്‍ നിര്‍ദേശിക്കുന്ന ബാല നീതി ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസായി. നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണു ശബ്ദവോട്ടോടെ ബില്‍ സഭ പാസാക്കിയത്. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബില്‍ നിയമമാകും. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കുട്ടിക്കുറ്റവാളിയുടെ മാനസിക നില പരിശോധിച്ചശേഷമാകും ഏതു തരത്തില്‍ വിചാരണ ചെയ്യണമെന്നു തീരുമാനിക്കുക. 18 വയസു തികയും മുമ്പു ചെയ്ത കുറ്റകൃത്യം പ്രായപൂര്‍ത്തിയായശേഷം തെളിഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ നേരിടേണ്ടിവരുന്ന വിചാരണ നേരിടേണ്ടിവരും. എല്ലാ ജില്ലകളിലും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 2014ല്‍ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസാക്കിയ ബില്ലാണ് ഇന്നലെ രാജ്യസഭയില്‍ പാസായത്. ഇതില്‍ കൂടുതല്‍ ഭേദഗതികളൊന്നും വരുത്താതെയാണു രാജ്യസഭയില്‍ പാസായിരിക്കുന്നത്. ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ബില്‍ പാസാകുന്നതിനു സാക്ഷ്യം വഹിച്ചു രാജ്യസഭയുടെ സന്ദര്‍ശക ഗാലറിയില്‍ ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതി സിംഗിന്റെ മാതാപിതാക്കളായ ബദരീനാഥ് സിംഗും ആശാദേവിയും ഇരിപ്പുണ്ടായിരുന്നു. ബില്‍ പാസായതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എന്നാല്‍, തങ്ങളുടെ മകള്‍ക്കു നീതി ലഭിച്ചില്ലെന്നതില്‍ ദുഃഖമുണ്ടെന്നും ആശാദേവി പ്രതികരിച്ചു. ഇന്നലെ മേനക ഗാന്ധി രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലിന്‍മേല്‍ ചര്‍ച്ചകള്‍ വൈകുന്നേരം ആറര വരെ നീണ്ടു. തുടര്‍ന്നു മന്ത്രി മറുപടി പറഞ്ഞതിനുശേഷമാണ് ബില്‍ പാസായത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലാണിതെന്ന് മന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു. നിര്‍ഭയ കേസിലെ പ്രതിയുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍, നിരവധി കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങളില്‍നിന്നും അകറ്റി നിര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബില്ലിനു മുന്‍കാല പ്രാബല്യം നല്‍കാന്‍ കഴിയില്ലെന്നാണു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്.
ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതോടെ സിപിഎം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വൈകാരികമായല്ല ബില്‍ പാസാക്കേണ്ടതെന്നു പറഞ്ഞ സിപിഎം നേതാവ് സീതാറാം യെച്ചൂരി, ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. സിപിഎമ്മിനു പുറമേ ഡിഎംകെയും ജെഡി-യു വും എന്‍സിപിയും ഇതേ ആവശ്യം ഉന്നയിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും ആവശ്യപ്പെട്ടു.
ബില്‍ പാസാകരുതെന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ രാം ജെത്മലാനി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നുള്ള ആര്‍പിഐ എംപി രാംദാസ് അത്തേവാല ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ, കുറ്റവാളിള്‍ക്കെതിരേ ശാപവാക്കുകള്‍ ഉള്‍പ്പെട്ട കവിത ചൊല്ലിയപ്പോള്‍ ഉപാധ്യക്ഷന്‍ താക്കീതു നല്‍കി സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തു. ബില്ലിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഈ അവസരം ചിന്താപരമായ വിപ്ലവമാണെന്നു കോണ്‍ഗ്രസ് അംഗം ആനന്ദ ശര്‍മ പറഞ്ഞു. സാമൂഹ്യ അവബോധം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ പാസാക്കാന്‍ തിടുക്കം വേണെ്ടന്നും ബില്‍ സെലക്ട്ട് കമ്മിറ്റിക്കു വിടണമെന്ന് ഡിഎംകെ അംഗം കനിമൊഴിയും പറഞ്ഞു. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനെ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍ പറഞ്ഞു.
നിര്‍ഭാഗ്യകരമായ അവസ്ഥ തന്റെ മകള്‍ക്കാണ് ഉണ്ടാകുന്നതെങ്കില്‍ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ വയ്ക്കുകയോ തോക്കെടുത്തു പ്രതികളെ വെടിവയ്ക്കുകയോ ചെയ്യുമെന്നാണു ഡെറിക് ഒബ്രിയന്‍ നിര്‍ഭയ കേസ് ചൂണ്ടിക്കാട്ടി പറഞ്ഞത്. നിയമം ഉണ്ടാക്കുന്നത് ഒരു വ്യക്തിക്കു വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരിച്ച ജ്യോതി സിംഗിന്റെ അമ്മ ആശാദേവി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കോണ്‍ഗ്രസ് ബില്ലുമായി സഹകരിക്കുമെന്നു രാഹുല്‍ അറിയിച്ചതായി ഇന്നലെ പാര്‍ലമെന്റിലെത്തിയ അവര്‍ പറഞ്ഞു.
ജ്യോതിസിംഗിന്റെ മാതാവ് തങ്ങളുടെ മകളുടെ നീതിക്കുവേണ്ടി മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് പോരാടുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























