ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്ക തിരിച്ചയച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമേരിക്കന്‍ അധികൃതരുടെ നിരീക്ഷണത്തിലുള്ള സര്‍വകലാശാലകളിലേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച സംഭവം അതീവ ഗൗരവത്തോടെ ഇന്ത്യ കാണുന്നു. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റില്‍ അറിയിച്ചു. അമേരിക്ക ഇതുവരെ ഈ സര്‍വ്വകലാശാലകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ലെങ്കിലും നിരീക്ഷണത്തിലായതിനാലാണ് നടപടിയെന്നാണ് അമേരിക്കന്‍ ഏജന്‍സി പറയുന്നത്.
സാന്‍ ഹോസെയിലെ സിലിക്കണ്‍ വാലി സര്‍വകലാശാല, ഫ്രെമോണ്ടിലെ നോര്‍ത്ത് വെസ്റ്റേണ്‍ പോളിടെക്നിക്ക് സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രവേശനം നേടിയവരാണ് കുഴപ്പത്തിലായത്. 14 വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതിനു ശേഷം ഞായറാഴ്ച അവിടങ്ങളിലേക്ക് പോകാന്‍ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ അധികൃതര്‍ തടയുകയായിരുന്നു. എന്നാല്‍ തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലാവാം തിരിച്ചയച്ചതെന്നാണ് സര്‍വകലാശാലകളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
അമേരിക്കന്‍ അധികൃതരുടെ മറുപടിയ്ക്ക് കാത്തിരിക്കുകയാണെന്നും സുഷമ സ്വരാജ് അറിയിച്ചിരുന്നു. സര്‍വകലാശാലകളെ സംബന്ധിച്ച സംശയമറിയിച്ച് അമേരിക്കന്‍ കസ്റ്റംസ് അധികൃതര്‍ ഡിസംബര്‍ 19-നയച്ച മറുപടി മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























