കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വൈറലായതോടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഭീകരമായ കുറ്റകൃത്യങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ ലജ്ജിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ആരോപിച്ചു.
ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് മണിപ്പൂരി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവര്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഒരു ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുല്‍മേട്ടില്‍ ഇരിക്കുന്നതായും അവര്‍ക്ക് പിന്നില്‍ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നതായുമാണ് കാണുന്നത്. അടുത്ത ചിത്രത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ ദൃശ്യമായിരിന്നു.
ഫിജാം ഹേംജിത്ത് (20 ), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ എത്രയും വേഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha