വീട് നിര്‍മ്മാണത്തിനായുള്ള പണത്തിനുവേണ്ടി അയല്‍വാസി കാട്ടിയ ക്രൂരത

വീട് നിര്‍മ്മാണത്തിനായുള്ള പണത്തിനുവേണ്ടി ഒന്‍പത് വയസ്സുകാരനെ അയല്‍വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി വന്‍തുക ആവശ്യപ്പെട്ട്, പിടിക്കപ്പെടുമെന്നായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് ബദ്‌ലാപൂരിലെ ഗൊരേഗാവ് ഗ്രാമത്തില്‍ നിന്നാണ് ഇബാദ് എന്ന കുട്ടിയെ കാണാതായത്.
പ്രദേശത്തെ പള്ളിയില്‍ നിന്ന് വൈകീട്ട് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ ഇബാദിനെ അയല്‍വാസിയായ സല്‍മാന്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം പരിഭ്രാന്തരായി തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ വന്‍ തുക മോചന ദ്രവ്യം ആവശ്യപ്പെട്ട് ഇബാദിന്റെ പിതാവ് മുദ്ദസിറിന് ഫോണ്‍ കോള്‍ ലഭിച്ചു. എന്നാല്‍ ഫോണില്‍ വിശദാംശങ്ങള്‍ ഒന്നും വെളിപ്പെടുത്തിയില്ല.
സംഭവം പോലീസില്‍ അറിയിച്ചതോടെ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഗ്രാമവാസികളും സകലയിടങ്ങിലും തിരച്ചില്‍ നടത്തി. ഇതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായ പ്രതി ഫോണിന്റെ സിം കാര്‍ഡുകള്‍ മാറ്റി.
തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണം സല്‍മാനില്‍ എത്തിച്ചേര്‍ന്നു. സല്‍മാന്റെ താമസ്ഥലം വളഞ്ഞ് പരിശോധിച്ച പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി വീടിന് പിന്നില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തട്ടിക്കൊണ്ടുപോകലും കൊലപാതകവുമായി ബന്ധപ്പെട്ട് സല്‍മാനോടൊപ്പം സഹോദരന്‍ സഫ്‌വാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സല്‍മാനെ പ്രധാന പ്രതിയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ നിഷ്ഠൂര കുറ്റകൃത്യത്തില്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ബദ്ലാപൂര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗോവിന്ദ് പാട്ടീല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























