ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ ഭര്‍ത്താവിന് കോടികളുടെ നഷ്ടം... കടക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ ഭര്‍ത്താവിന് കോടികള്‍ നഷ്ടമായി. ഭാര്യ കടക്കാരുടെ ഭീഷണി വര്‍ധിച്ചതോടെ ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്ശന് ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് മരിച്ചത്. വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെയും കടം നല്‍കിയവരുടെ ഭീഷണിയെത്തുടര്‍ന്നുമാണ് ആത്മഹത്യ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ദര്ശന് ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ്. ഐപിഎല്‍ വാതുവെപ്പില്‍ 2021 മുതല്‍ ദര്ശന് സജീവമായിരുന്നതായാണ് റിപ്പോര്‍ട്ട്.
ഒരുപാട് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ ആണ് ദര്ശന് കടം വാങ്ങിയിരിക്കുന്നത്. കുടുംബത്തിന് നേരേ ഭീഷണി ആരംഭിച്ചത് വാതുവെപ്പില്‍ പരാജയപ്പെടുകയും കടം വാങ്ങിയ പണം തിരികെനല്കാന് കഴിയാതിരുന്ന സാഹചര്യത്തിലാണ്. ഇവര്‍ക്ക് നഷ്ടമായത് 1.5 കോടിയോളം രൂപയാണ്. പണം നല്‍കിയവരുടെ ഭീഷണികള്‍ ആരംഭിച്ച് സ്വസ്ഥത പോയതോടെയാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്ന് കുടുംബവും പറയുന്നു. ദര്‍ശനും രഞ്ജിതയും 2020ലാണ് വിവാഹിതരായത്. ഇവര്‍ക്ക് 2 വയസുള്ള മകനുണ്ട്.
രഞ്ജിതയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് 13 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. 3 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എളുപ്പത്തില്‍ പണക്കാരനാകാമെന്ന് വിശ്വസിപ്പിച്ച് ദര്‍ശനെ വാതുവെപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും ആദ്യം സമ്മതിക്കാതിരുന്ന ദര്‍ശനെ മറ്റുള്ളവര്‍ നിര്‍ബന്ധിച്ച് ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നും രഞ്ജിതയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha