ബിഎംഡബ്ല്യു കാര്‍ ബൈക്കില്‍ ഇടിച്ച് യുവതി മരിച്ച സംഭവം... കാര്‍ ഉടമ അറസ്റ്റില്‍

ബിഎംഡബ്ല്യു കാര്‍ ബൈക്കില്‍ ഇടിച്ച് യുവതി മരിച്ച സംഭവത്തില്‍ കാര്‍ ഉടമയായ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന് കുരുക്ക് മുറുകുന്നു. വോര്‍ളിയിലെ ഷിന്‍ഡെ വിഭാഗം പ്രദേശിക നേതാവാണ് രാജേഷ് ഷാ. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് മുന്‍പ് ഇദ്ദേഹം കാറില്‍ നിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന മിഹിര്‍ ഷായെ തിരയുന്നതിനിടെയാണ് ക്ലിപ്പ് പുറത്തുവന്നത്. ഈ സമയം മിഹിര്‍ ഷാ മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച വോര്‍ളി പോലീസ് രാജേഷ് ഷായെയും ബിഎംഡബ്ല്യു ഡ്രൈവര്‍ രാജ ഋഷി ബിദാവത്തിനെയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് ഷായുടെ പേരിലാണ് ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ പോലീസ് ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ വ്യവസ്ഥകളും ഉള്‍പ്പെടുത്തി ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അപകടത്തിന് ശേഷം മിഹിര്‍ തന്റെ പിതാവിനെ വിളിച്ചതായി തെളിവുകളുണ്ട്.
https://www.facebook.com/Malayalivartha

























