വെടിനിർത്തൽ കരാറിൽ ഇസ്രായേലിൻ്റെ പ്രതികരണത്തിനായി ഹമാസ് കാത്തിരിക്കുന്നു...ഗസ്സയിൽ ഒമ്പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ് പദ്ധതിയുടെ പ്രധാന ഭാഗം അംഗീകരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ പ്രതികരണം...

വെടിനിർത്തൽ കരാറിൽ ഇസ്രായേലിൻ്റെ പ്രതികരണത്തിനായി ഹമാസ് കാത്തിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഹമാസ് നേതാവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗസ്സയിൽ ഒമ്പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ് പദ്ധതിയുടെ പ്രധാന ഭാഗം അംഗീകരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ പ്രതികരണം.
മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം മെയ് അവസാനം യു.എസ് പ്രസിഡൻ്റ് ജോ ബൈഡനാണ് മുന്നോട്ട് വെച്ചത്. ഖത്തറും ഈജിപ്തുമാണ് വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഹമാസിൻ്റെ പിടിയിലിരിക്കുന്ന 120 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടാണ് കരാർ. ചർച്ചകൾ ഈ ആഴ്ചയും തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞെങ്കിലും വിശദമായ സമയക്രമം നൽകിയിട്ടില്ല. അതേസമയം
യു.എസ് തയാറാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ തുടർചർച്ച നടക്കാനിരിക്കെ, കടുത്ത വിമർശനവുമായി ഇസ്രായേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെസാലെൽ സ്മോട്രിച്ച്. ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് ഇസ്രായേൽ പാർലമെന്റിലെ ചർച്ചക്കിടെ മന്ത്രി പറഞ്ഞു.
“ഞങ്ങൾ ഹമാസിന് കീഴടങ്ങുന്ന കരാറിന്റെ ഭാഗമാകില്ല. ഈ കരാർ ഇസ്രായേലിന് തോൽവിയും അപമാനവും (ഹമാസ് നേതാവ്) യഹ്‌യ സിൻവാറിന്റെ വിജയവുമാണ്” -മന്ത്രി പറഞ്ഞു. ഈ കരാറിൽ ഉൾപ്പെടാത്ത 90 ബന്ദികളെ കൊലപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് സ്മോട്രിച്ച് ആരോപിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുന്ന അടുത്ത കൂട്ടക്കൊലക്കും കരാർ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേൽ ആദ്യം സ്ഥിരമായ വെടിനിർത്തലിന് വിധേയരാകണമെന്ന പ്രധാന ആവശ്യം ഉപേക്ഷിച്ച ഹമാസ്, പകരം ആറാഴ്ചത്തെ ആദ്യ ഘട്ടത്തിലുടനീളം അത് നേടുന്നതിനുള്ള ചർച്ചകൾ തുടരുമെന്നറിയിച്ചു. യു.എസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ് ചർച്ചകൾക്കായി ഈ ആഴ്ച ഖത്തറിലേക്ക് പോകുമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ബന്ദികളെ തിരികെ കൊണ്ടുവരാൻ കരാറിലെത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഞായറാഴ്ച ഇസ്രായേലിലുടനീളം പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രധിഷേധക്കാർ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ഗതാഗതം തടഞ്ഞു, രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ഉപരോധിച്ചു, തെൽ അവീവ്- ജെറുസലേം ഹൈവേയിൽ ടയറുകൾക്ക് തീയിടുകയും ചെയ്തു.
അതേസമയം, ഗസ്സയിലും ഇസ്രായേലിലും യുദ്ധം തുടരുകയാണ്. വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല റോക്കറ്റുകൾ വർഷിച്ചു. റോക്കറ്റാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
ഗസ്സയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യത്യസ്ത സൈനിക ആക്രമണങ്ങളിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സവായ്ദ പട്ടണത്തിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ഗസ്സയിലെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിൻ്റെ കിഴക്കൻ പ്രദേശത്ത് ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്ന് ഫലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിലും വ്യോമാക്രമണത്തിലും റഫയിൽ 30 ഫലസ്തീൻ തോക്കുധാരികളെ വധിച്ചതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.
കഴിഞ്ഞ ദിവസം ഹമാസും ഇസ്രായേലും മധ്യസ്ഥർ മുഖേന വെടിനിർത്തൽ കരാറിന്റെ പ്രാരംഭ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ തുടർചർച്ച ഈജിപ്തിലെ കെയ്റോയിലാണ് നടക്കുക. ഇതിനായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ കെയ്റോയിലേക്ക് പോകാനിരിക്കവേയാണ് സ്മോട്രിച്ചിന്റെ പ്രസ്താവന. ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ സമ്പൂർണവെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എന്നാൽ മാത്രമേ വെടിനിർത്തൽ ചർച്ചകൾക്ക് സന്നദ്ധമാകൂ എന്നുമുള്ള നിലപാടിൽ നിന്ന് ഹമാസ് അയവുവരുത്തിയിരുന്നു. ആദ്യഘട്ടമായ ആറാഴ്ച ഏതാനും ബന്ദികളെ വിട്ടയക്കുമെന്നാണ് ഹമാസ് അറിയിച്ചത്. സ്ത്രീകളെയും മുതിർന്നവരെയും കുട്ടികളെയും പരിക്കേറ്റവരെയുമാണ് മോചിപ്പിക്കുക. പകരം നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറും. ഈ ഘട്ടത്തിൽ ഗസ്സയിലെ പട്ടണങ്ങളിൽനിന്ന് ഇസ്രായേൽ സേന പിന്മാറും. മാത്രമല്ല, പലായനം ചെയ്തവരെ ഉത്തര ഗസ്സയിലേക്ക് തിരിച്ചുവരാനും അനുവദിക്കും.
ഇക്കാലയളവിൽ തുടർവെടിനിർത്തൽ ചർച്ചകൾ നടത്തും. ചർച്ച വിജയിച്ചാൽ, രണ്ടാം ഘട്ടത്തിൽ സൈനികരും സാധാരണക്കാരുമായ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. പകരം കൂടുതൽ ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. മൂന്നാം ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹങ്ങളും സൈനികരടക്കം അവശേഷിക്കുന്ന ബന്ദികളെയും തിരികെ കൊണ്ടുവരുകയും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗസ്സ പുനർനിർമാണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും.
ഫലസ്തീനെതിരായ ആക്രമണം പൂർണമായും അവസാനിപ്പിക്കുമെന്ന ഇസ്രായേലിന്റെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഹമാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട്.
https://www.facebook.com/Malayalivartha

























