ജഡ്ജിയുടെ വീട്ടില്‍നിന്നു പണം കണ്ടെത്തിയ സംഭവം: സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്നു പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമനും ഉള്‍പ്പെട്ടതാണ് മൂന്നംഗ സമിതി. അന്വേഷണത്തിന്റെ ഭാഗമായി ജഡ്ജി യശ്വന്ത് വര്‍മയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തും. നേരത്തെ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.
ഇതിനിടയില്‍, ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്നു പണം കണ്ടെത്തിയിട്ടില്ലെന്നും തന്റെ പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമുള്ള പ്രസ്താവനയുമായി ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് രംഗത്തുവന്നു. ''15 മിനിറ്റില്‍ തീയണച്ചു. വീട്ടുപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലെ സ്റ്റേഷനറി സാധനങ്ങള്‍ക്കാണ് തീപിടിച്ചതെന്നും തീകെടുത്തുന്നതിനിടെ പണം കണ്ടെത്തിയില്ല.'' - അതുല്‍ ഗാര്‍ഗ് ഇങ്ങനെ പറഞ്ഞെന്ന തരത്തിലായിരുന്നു ദേശീയ ഏജന്‍സികള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് തന്റെ പരാമര്‍ശം സംബന്ധിച്ച വ്യക്തമായ കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് അതുല്‍ ഗാര്‍ഗ് പറഞ്ഞു.
യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇവ കണക്കില്‍പ്പെടാത്തതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha