അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷിനും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. 25 ലക്ഷം രൂപയാണ് അടിയന്തര സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണ് ഇത്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നേരത്തെ ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനഃര്‍നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വിമാന ദുരന്തവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നാണ് ടാറ്രാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ജൂണ്‍ 12 ഉച്ചയ്ക്ക് 1.39നാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 7878 ഡ്രീംലൈനര്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള മേഘാനിനഗറില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നു വീണത്. 650 അടി ഉയരത്തില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. എടിസിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റ് 'മെയ്‌ഡേ' സന്ദേശം കൈമാറിയിരുന്നു. അപകടത്തിന് ശേഷം വിമാനത്താവളത്തിലെ റണ്‍വേ ഉച്ചയ്ക്ക് 2:30 മുതല്‍ വൈകുന്നേരം 5.00 മണി വരെ അടച്ചു. പ്രോട്ടോക്കോളുകളുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റണ്‍വേ തുറന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha