എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റും; വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്35 ബി ഇപ്പോഴും അവിടെ തുടരുകയാണ്. എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റുമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷൻ വക്താവ് വ്യക്തമാക്കി. അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരും ദിവസങ്ങളിൽ എത്തും. ഉപകരണവും വിദഗ്ധരും എത്തിയശേഷം വിമാനം ഹാങ്ങറിലേക്കു മാറ്റാനാണ് തീരുമാനം.
വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും. ഇതിന്റെ സഹായമില്ലാതെ വലിച്ചു മാറ്റിയാൽ കൂടുതൽ തകരാറുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അറ്റകുറ്റപ്പണി എത്രയും പെട്ടെന്നു പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് വക്താവ് അറിയിച്ചു .
പത്തു ദിവസമായി വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിമാനം ഹാങ്ങറിലേക്കു മാറ്റാമെന്ന ഇന്ത്യൻ അധികൃതരുടെ ആവശ്യം ബ്രിട്ടിഷ് നാവികസേന അംഗീകരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha