നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഫോണില്‍നിന്ന് ബലാത്സംഗ ദൃശ്യം കണ്ടെത്തി

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണില്‍നിന്ന് പീഡനദൃശ്യങ്ങള്‍ കണ്ടെത്തി. ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയുടെ (31) ഫോണില്‍നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ഫോണില്‍ പകര്‍ത്തിയതായി അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നു മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അതിജീവിതയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. നേരത്തെ, ബലമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെയും കടിച്ചതിന്റെയും നഖക്ഷതത്തിന്റെയും പാടുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉള്ളതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞിരുന്നു. ഫൊറന്‍സിക് പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.
കേസില്‍ ഇതുവരെ 4 പേരാണ് അറസ്റ്റിലായത്. അഭിഭാഷകനും പൂര്‍വവിദ്യാര്‍ഥിയുമായ മനോജിത് മിശ്ര, വിദ്യാര്‍ഥികളായ പ്രമിത് മുഖര്‍ജി, സയിബ് അഹമ്മദ്, സുരക്ഷാ ജീവനക്കാരന്‍ പിനാകി ബാനര്‍ജി എന്നിവരാണ് അറസ്റ്റിലായവര്‍. മനോജിത് മിശ്രയാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയ മനോജിത് മിശ്ര പിന്നീട് ആവശ്യം നിരസിക്കപ്പെട്ടതോടെ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha