പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..

ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിൽ മോദിയും ഒരു മുഴം മുൻപേ എറിയുകയാണ് . പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിലേക്ക് പോകുന്നത്. സെപ്റ്റംബർ 26 ന് അദ്ദേഹം യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.ഇതിനു മുന്നോടിയായി യുഎസുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. അധിക തീരുവ, വ്യാപാര കരാർ എന്നിവയുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.
സന്ദർശനവേളയിൽ വ്യാപാര കരാർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എന്നാൽ കാർഷിക- ക്ഷീര മേഖലയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാടിൽ ഇന്ത്യ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ്-മോദി കൂടിക്കാഴ്ചയോടെ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിദേശകാര്യ വൃത്തങ്ങൾ നൽകുന്ന വിവരം താരിഫുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം നിർണ്ണായകമാണ്. യുഎസിനോട് പാകിസ്ഥാൻ അടുക്കുന്നതും ഇന്ത്യയ്‌ക്ക് തലവേദനയാണ്. അതിനാൽ കരുതലോടെയാണ് ഇന്ത്യയുടെ നീക്കം.
അതിനിടെ, ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ - യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻറെ ഉത്തരവ് വന്നത്.
എന്നാൽ ഇപ്പോഴും തീരുവ പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്കിയത്. എന്നാൽ ഇതു മാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉല്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം ശക്തമാണ്.അതേ സമയം, ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു.
ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരേണ്ട തീരുമാനമാണ് നവംബർ വരെ നീട്ടിയത്. ചൈനക്ക് മേൽ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം.
https://www.facebook.com/Malayalivartha